സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറിയ റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇമെയിലുകള്‍ വായിക്കുന്നതായി റിപ്പോര്‍ട്ട്. ഇമെയില്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ തന്ത്രപ്രധാനമായ പല വിവരങ്ങളും റഷ്യയിലെക്ക് കടത്തിയെന്ന് സംശയിക്കുന്നതായി ന്യൂയോര്‍ക് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പ്രസിഡന്റിന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് കരുതാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചു. എന്നാല്‍ ഒബാമയുടെ പ്രധാനപ്പെട്ട ചില ഇമെയിലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകളിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സമ്മതിക്കുന്നു.
കഴിഞ്ഞ മാസമാണ് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറ്റം നടന്നതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. 2014 ലെ രേഖകളാണ് ചോര്‍ത്തിയതില്‍ അധികവും എന്നാണ് സൂചന. എന്നാല്‍ ചോര്‍ന്നവയില്‍ അതിവ രഹസ്യ സ്വഭാവമുള്ള രേഖകളൊന്നും ഇല്ലെന്ന നിലപാടിലാണ് അമേരിക്ക.
എന്നാല്‍ പുറത്തു വിട്ടതിനേക്കാല്‍ ഗുരുതരവും ആഴത്തിലുള്ളതുമാണ് നുഴഞ്ഞുകയറ്റമെന്ന് ന്യൂയോര്‍ക് ടൈംസ് പറയുന്നു. ലോകമെമ്പാടുമുള്ള നയതന്ത്ര വിദഗ്ദരുമായി കൈമാറിയ ഇമെയിലുകള്‍, വ്യക്തിപരമായ വിവരങ്ങള്‍, പുതിയ നിയമങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, നയപരമായ തീരുമാനങ്ങള്‍, പ്രസിഡന്റിന്റെ യാത്രാ പരിപാടികള്‍ എന്നിവയെല്ലാം ചോര്‍ത്തിയ രേഖകളിലുണ്ട് എന്നാണ് അനുമാനം.
എന്നാല്‍ എത്ര ഇമെയിലുകള്‍ ചോര്‍ത്തപ്പെട്ടെന്ന് വ്യക്തമാക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല