സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തിയതായി റഷ്യന്‍ അധികാര ദല്ലാളിന്റെ വെളിപ്പെടുത്തല്‍. ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയറുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പ്രമുക റഷ്യന്‍ അധികാര ദല്ലാളായ റിനാറ്റ് അക്‌മെറ്റ്ഷിനാണ് വെളിപ്പെടുത്തിയത്.
ട്രംപ് ജൂണിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്‌സ്‌കായയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹില്ലരി ക്ലിന്റനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു എന്ന ആരോപണം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ കൈകളുടെ ഇടപെടല്‍ ഉണ്ടയെന്ന വാദവും ഇതോടെ ശക്തമായി.
ചില വിവരങ്ങള്‍ കൈവശമുള്ളതായി റഷ്യക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും കൈമാറിയിട്ടില്ലെന്നാണ് ട്രംപ് ജൂണിയറിന്റെ വാദം. എന്നാല്‍, കൈമാറ്റം ചെയ്തതായി ഇമെയില്‍ രേഖകളില്‍ തെളിവുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കൂടിക്കാഴ്ച നടത്തിയ കാര്യം ട്രംപ് ജൂണിയര്‍ നിഷേധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്ന വാദത്തില്‍ ഉറച്ചു നില്ക്കുകയാണ് റഷ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല