സ്വന്തം ലേഖകന്‍: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യന്‍ പട്ടാള ചാരസംഘടനയായ ജിആര്‍യുവിലെ 12 ഓഫീസര്‍മാര്‍ക്കെതിരേ അവരുടെ അഭാവത്തില്‍ യുഎസ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി തിങ്കളാഴ്ച ഹെല്‍സിങ്കിയില്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയില്‍നിന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറണമെന്നു പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്‌സ് അറിയിച്ചു. ട്രംപിന്റെ വിജയത്തിനായി റഷ്യന്‍ ഇടപെടല്‍ ഉണ്ടായോ എന്നതിനെക്കുറിച്ചു സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളര്‍ നടത്തുന്ന അന്വേഷണത്തിലാണ് കുറ്റപത്രം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണിന്റെ പ്രചരണവിഭാഗത്തിന്റെ കംപ്യൂട്ടറുകള്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഹാക്ക് ചെയ്തു വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തുവെന്നു കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം റഷ്യയുമായുള്ള യുഎസ് ബന്ധത്തെ ബാധിക്കുന്നതായി ബ്രിട്ടനിലുള്ള ട്രംപ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്പു പറഞ്ഞിരുന്നു. ഹെല്‍സിങ്കി ഉച്ചകോടിക്കു തുരങ്കംവയ്ക്കുക ലക്ഷ്യമിട്ടാണ് യുഎസ് അധികൃതര്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നു റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കുറ്റപത്രത്തില്‍ പറയുന്ന 12 പേര്‍ക്ക് റഷ്യന്‍ പട്ടാള ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്നതിനോ ഹാക്കിംഗ് നടത്തിയതിനോ തെളിവില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല