സ്വന്തം ലേഖകൻ: യുഎസ് ഡ്രോണുമായി കൂട്ടിയിടിച്ച് റഷ്യന്‍ യുദ്ധവിമാനം. കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിലാണ് സംഭവം. റഷ്യയുടെ എസ്.യു 27 ജെറ്റാണ് അമേരിക്കയുടെ എം.ക്യൂ 27 ഡ്രോണിനുമൽ ഇടിച്ചത്. ഇതിനു പിന്നാലെ ഡ്രോണ്‍ കരിങ്കടലിൽ തകര്‍ന്നുവീണു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎസ് സേന പ്രതികരിച്ചു.
അന്താരാഷ്ട്ര സമുദ്രമഖലയിൽ പതിവ് പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന യുഎസ് ഡ്രോണ്‍ ആണ് റഷ്യന്‍ ജെറ്റുകള്‍ തകര്‍ത്തത്. ഇടിപ്പിക്കുന്നതിനു മുമ്പ് ഡ്രോണിനുമേലേക്ക് നിരവധി തവണ ഇന്ധനം ചോർത്തിയതായും ഇത് തീര്‍ത്തും നിരുത്തരപരമായ പ്രവൃത്തിയാണെന്നും യുഎസ് യൂറോപ്യന്‍ കമാന്‍ഡ് ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ വ്യക്തമാക്കി. യുഎസിന്റെ എം.ക്യൂ 9 ഡ്രോണ്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ പോയി ഇടിക്കുകയായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ ജെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അമേരിക്കന്‍ വിമാനത്തിനെതിരെ ഒരു ആയുധപ്രയോഗവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവം അപകടകരവും നിരുത്തരവാദപരവുമാണെന്ന് യുഎസ് വ്യോമസേനാ ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. ‘യുഎസ് അനുബന്ധ വിമാനങ്ങള്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തികളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ റഷ്യക്കാരോട് ആവശ്യപ്പെടുന്നു’, ഹെക്കര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി റഷ്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയതായും യുഎസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല