സ്വന്തം ലേഖകന്‍: 1004 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്, റഷ്യന്‍ മോഡലിന്റെ ‘കൈവിട്ട’ ഫോട്ടോഷൂട്ട് തരംഗമാകുന്നു. ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ അന്തംവിട്ട ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ സഹായിക്കുന്നു.
സുഹൃത്തിന്റെ കൈപിടിച്ച് ബാല്‍ക്കണിയില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുകയാണ് വിക്‌റ്റോറിയ . തൂങ്ങി നില്‍ക്കവെതന്നെ പല കോണുകളില്‍ ചിത്രം പകര്‍ത്തപ്പെടുന്നു. എന്നാല്‍ മോഡല്‍ തിരിച്ചു കയറിവരുന്നത് വീഡിയോയിലില്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായ് കയാന്‍ ടവറിനു മുകളില്‍ നിന്ന് കൂട്ടുകാരന്റെ കയ്യില്‍ തൂങ്ങിക്കിടന്നു ചിത്രമെടുത്തതോടെ വീഡിയോ വൈറലാകുകയും ചെയ്തു.
വിക്ടോറിയ തന്നെയാണ് ഇവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ പത്തുലക്ഷത്തോളം പേരാണ് ഇതു കണ്ടത്. സംഗതി വൈറലായതോടെ വിമര്‍ശനങ്ങളും ശക്തമായി. ദൈവം നിങ്ങള്‍ക്കു സൗന്ദര്യം തന്നു. പക്ഷേ, തലയില്‍ ബുദ്ധിനിറയ്ക്കാന്‍ മറന്നുപോയെന്നു തോന്നുന്നു എന്നായിരുന്നു കമന്റുകളിലൊന്ന്. ഞാനായിരുന്നു നിന്റെ പിതാവെങ്കില്‍ നിനക്കും കൂടെയുള്ളവനും നല്ല തല്ലു തരുമായിരുന്നുവെന്നും കമന്റുകളിലുണ്ട്.
ഇത്രയും അപകടകരമായ ചിത്രമെടുക്കുന്നതിന് ഒരു വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചതായി ചിത്രത്തിലില്ല. ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്ന് അപകടകരമായ സെല്‍ഫിയെടുത്തു റഷ്യക്കാരി മോഡല്‍ ആഞ്ചല നിക്കോളാവു മുന്‍പേ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ആഞ്ചലയെ അനുകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിക്ടോറിയയും കെട്ടിടത്തില്‍നിന്നു കൈവിട്ട സാഹസത്തിനു മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല