സ്വന്തം ലേഖകൻ: തുർക്കിയയിലെ അങ്കാറയിൽ നടന്ന കരിങ്കടൽതീര രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികൾ തമ്മിൽ കൈയാങ്കളി. പതാക തട്ടിപ്പറിച്ച റഷ്യൻ പ്രതിനിധിയെ യുക്രെയ്ൻ പ്രതിനിധി പിന്നാലെയെത്തി മുഖത്തിടിച്ചു. തുടർന്ന് സംഘർഷഭരിതമായാണ് ഉച്ചകോടി മുന്നോട്ടുപോയത്.
തുർക്കിയ പാർലമെന്‍റ് ഹാളിലായിരുന്നു ഉച്ചകോടി നടന്നത്. യുദ്ധമുഖത്തുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ തുടക്കം മുതൽക്കേ സംഘർഷ സാഹചര്യമുണ്ടായിരുന്നു. റഷ്യൻ പ്രതിനിധികൾക്ക് സമീപം യുക്രെയ്ൻ പ്രതിനിധികൾ എത്തി പ്രതിഷേധിക്കുകയും പതാക ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് സാഹചര്യം നിയന്ത്രിച്ചത്.
പിന്നീട്, റഷ്യയുടെ പ്രധാന പ്രതിനിധി വിഡിയോ അഭിമുഖം നൽകുന്നതിനിടെ യുക്രെയ്ൻ പ്രതിനിധിയായ അലക്സാണ്ടർ മരികോവിസ്കി തങ്ങളുടെ പതാക പിന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇത് കണ്ട റഷ്യൻ സംഘത്തിലെ വരേലി സ്റ്റവിറ്റ്സ്കി അടുത്തെത്തി യുക്രെയ്ൻ പതാക തട്ടിപ്പറിച്ചു. പിന്തുടർന്നെത്തിയ അലക്സാണ്ടർ മരികോവിസ്കി വരേലി സ്റ്റവിറ്റ്സ്കിയുടെ മുഖത്ത് കുത്തി. മറ്റുള്ളവർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല