സ്വന്തം ലേഖകന്‍: 20 ദിവസത്തെ ജയില്‍വാസത്തിനു ശേഷം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്ന് പുറത്തേക്ക്, പുടിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം. ഔദ്യോഗിക അനുമതിയില്ലാതെ റാലി നടത്താന്‍ പദ്ധതിയിട്ടതിന് ജയിലിലടച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയാണ് 20 ദിവസത്തെ തടവിനു ശേഷം ജയില്‍ മോചിതനായത്. അധികൃതരുടെ അനുമതിയില്ലാതെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജന്മനഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ റാലി ആസൂത്രണം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
റാലി നടത്താന്‍ റഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ നിഴ്‌നി നൊവ്‌ഗോറേദിലേക്ക് യാത്രക്കായി ഒരുങ്ങുന്നതിനിടെയാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അസ്ട്രാഖാന്‍ നഗരത്തില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ പങ്കെടുക്കുമെന്ന് ജയില്‍മോചിതനായശേഷം അലക്‌സി ട്വിറ്ററില്‍ കുറിച്ചു. ഇതിനു മുമ്പും പുടിന്‍ വിരുദ്ധ റാലികള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ അലക്‌സി നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായ അലക്‌സി പുടിന്റെ കടുത്ത വിമര്‍ശകനുമാണ്. മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. പുടിന്‍ സര്‍ക്കാറിന്റെ അഴിമതികളെക്കുറിച്ച് തന്റെ ബ്ലോഗില്‍ തുറന്നെഴുതുക വഴി 2008 ലാണ് അലക്‌സി റഷ്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല