സ്വന്തം ലേഖകന്‍: റഷ്യന്‍ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവത്തില്‍ അമേരിക്കക്ക് പങ്കെന്ന് റഷ്യ, വിമാനത്തെ കുറിച്ചുള്ള രഹസ്യ വിവരം ചോര്‍ത്തി. ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളില്‍ ബോംബിടാന്‍ പോയ വിമാനത്തിന്റെ വ്യോമപാത സംബന്ധിച്ച വിവരം തുര്‍ക്കിക്ക് അമേരിക്ക ചോര്‍ത്തിക്കൊടുത്തു എന്നാണ് ആരോപണം.
ക്രെംലിനില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്‍ഡെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താന നടത്തിയത്. ഇതോടെ ഐ.എസിനെതിരേ ഐക്യരാഷ്ട്രസഭയുടെ അനുമതിയോടെ ആരംഭിച്ച പോരാട്ടം ശാക്തികചേരികള്‍ തമ്മിലുള്ള ഉരസലിനു വഴിവയ്ക്കുമെന്ന ആശങ്കയും ഉയര്‍ന്നു.
തുര്‍ക്കി ഉള്‍പ്പെടുന്ന ചേരിയുടെ നായകത്വം വഹിക്കുന്ന അമേരിക്കയ്ക്ക് തങ്ങളുടെ വിമാനത്തിന്റെ ഗതി സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറിയിരുന്നതായി പുടിന്‍ പറഞ്ഞു. വിമാനങ്ങള്‍ പുറപ്പെടുന്ന സമയവും സഞ്ചാരപാതയും മനസിലാക്കിയശേഷം അമേരിക്ക ഇക്കാര്യങ്ങള്‍ തുര്‍ക്കിക്കു കൈമാറി. അതിന് അനുസൃതമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് വിമാനം തുര്‍ക്കി വെടിവച്ചിട്ടത്.
വ്യോമാതിര്‍ത്തി ലംഘനം ആരോപിച്ചായിരുന്നു തുര്‍ക്കിയുടെ നടപടി. വിമാനം വീണത് സിറയന്‍ അതിര്‍ത്തിക്കുള്ളിലാണ്. അമേരിക്കന്‍ സഖ്യചേരിയെ വിശ്വസിച്ചാണ് വിമാനത്തിന്റെ യാത്രാവിവരങ്ങള്‍ കൈമാറിയത്. വിമാനം തകര്‍ക്കപ്പെട്ടതോടെ ഈ വിശ്വാസം നഷ്ടപ്പെട്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. സഖ്യകക്ഷികളുടെ ചെയ്തികളില്‍ അമേരിക്കയ്ക്കു നിയന്ത്രണമില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ രഹസ്യവിവരങ്ങള്‍ യു.എസ്. പ്രചരിപ്പിക്കുന്നുണ്ടെന്നു കരുതേണ്ടിവരുമെന്നും പുടിന്‍ പറഞ്ഞു.
തുര്‍ക്കിയുമായുള്ള എല്ലാ സൈനിക സഹകരണവും നിര്‍ത്തലാക്കിയ റഷ്യ വിമാനം വെടിവച്ചിട്ടതിനു തൃപ്തികരമായ ന്യായീകരണം നല്‍കാത്തപക്ഷം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണിയും മുഴക്കിയിട്ടുണ്ട്. റഷ്യയുടെ പ്രതികരണം വൈകാരികവും അനുചിതവുമാണെന്നു ചൂണ്ടിക്കാട്ടി റഷ്യന്‍ നീക്കത്തെ തുര്‍ക്കി തള്ളുകയും ചെയ്തു. തീയോടു കളിക്കരുതെന്നും തുര്‍ക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗന്‍ റഷ്യക്കു മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല