സ്വന്തം ലേഖകന്‍: റഷ്യയുടെ ആളില്ലാ ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ഭൂമിയുടെ തലയില്‍ വീഴാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാന്‍ ഉപയോഗിക്കാറുള്ള റഷ്യയുടെ കാര്‍ഗോ ബഹിരാകാശ പേടകമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.
പ്രോഗ്രസ് എം 27 എം എന്ന പേടകം റഷ്യയുടെ സോയസ് റോക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പേടകവുമായുള്ള വാര്‍ത്താ വിനിമയ ബന്ധം തകരാറിലായി. തുടര്‍ന്ന് വാഹനം തെറ്റായ ദിശയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയായിരുന്നു.
പേടകത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. പേടകം എന്ന്, എപ്പോള്‍ ഭൗമോപരിതലത്തില്‍ പതിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കടുത്ത ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍.
അതേസമയം റഷ്യന്‍ സ്‌പേസ് ഏജന്‍സി വക്താവ് മിഖായേല്‍ ഫദയേവ് വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഏപ്രില്‍ 30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തേണ്ടിയിരുന്ന പേടകമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് കുതിക്കുന്നത്.
2.5 ടണ്‍ ഭാരം വരുന്ന പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഗവേഷകര്‍ക്കായുള്ള 1,940 പൗണ്ട് പ്രൊപലന്റുകള്‍, 110 പൗണ്ട് ഓക്‌സിജന്‍, 926 പൗണ്ട് വെള്ളം എന്നിവയാണുള്ളത്. പേടകത്തെ നിയന്ത്രണ വിധേയമാക്കാനായി അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് റോസ്‌കോസ്‌മോസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല