സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ മാരക രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചത് റഷ്യ തന്നെ, വാദത്തില്‍ ഉറച്ച് ബ്രിട്ടന്‍. ബ്രിട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു ബ്രിട്ടീഷ് പ്രധാനമന്തിയുടെ പ്രസ്താവന.
റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുവാണ് സ്‌ക്രീപലിനു നേരേ പ്രയോഗിച്ചത്. റഷ്യ നേരിട്ടു നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തില്‍ നിന്നുള്ള രാസായുധം മറ്റുരീതിയില്‍ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്ന് ലണ്ടനിലെ റഷ്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും തെരേസ മേ വ്യക്തമാക്കി. മാരക രാസവസ്തു മൂലം ബോധം മറഞ്ഞനിലയില്‍ സ്‌ക്രീപലി(66)നെയും മകള്‍ യുലിയ(33)യെയും സോള്‍സ്ബ്രിയിലെ മാള്‍ട്ടിങ്‌സ് ഷോപ്പിങ് സെന്ററി!ലെ ബെഞ്ചില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഉലക്കുകയും ചെയ്തിട്ടുണ്ട്.
ഇരുവരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സ്‌ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച രാസവസ്തു റഷ്യയില്‍നിന്നു വന്നതാണെന്നു വിദഗ്ധര്‍ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവ ദിവസം ഷോപ്പിങ് സെന്റര്‍ സന്ദര്‍ശിച്ച അഞ്ഞൂറോളം പേര്‍ക്കു സുരക്ഷാ മുന്നറിയിപ്പു നല്‍കി. അന്നു ധരിച്ച വസ്ത്രവും ബാഗുമുള്‍പ്പെടെ കഴുകിവൃത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയെ കുടുക്കാനായി ബ്രിട്ടന്റെ തിരക്കഥയില്‍ വിദഗ്ധമായി തയാറാക്കിയ കൊലപാതക പദ്ധതിയാണ് എന്നാല്‍ ഇതെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല