സ്വന്തം ലേഖകൻ: മലയാളികളെ യുദ്ധമേഖലയിലേക്കെന്ന് പറയാതെ ജോലി വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്യുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം. റഷ്യ, യുക്രൈന്‍ യുദ്ധമേഖലകളിലേക്ക് കൂടുതല്‍ മലയാളികള്‍ ഇത്തരത്തില്‍ പോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കാര്യമായ വിവരശേഖരണം നടത്താനായില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞശമ്പളത്തില്‍ ജോലിചെയ്യുന്നവരെ അവിടെനിന്നുതന്നെ റിക്രൂട്ട് ചെയ്താണ് കൂടുതലായും കൊണ്ടുപോകുന്നത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന മലയാളിസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും പരിമിതിയുണ്ട്.
യുദ്ധത്തില്‍ തകര്‍ന്നപ്രദേശങ്ങളിലെ പുനര്‍നിര്‍മാണജോലികളാണ് ഉയര്‍ന്നശമ്പളത്തില്‍ വാഗ്ദാനം. അവിടെയെത്തുമ്പോള്‍ തോക്കും പരിശീലനവും നല്‍കി യുദ്ധമുഖത്തേക്ക് പറഞ്ഞുവിടുന്നതാണ് രീതി. പരിക്കേറ്റാല്‍ മാത്രമാണ് നാട്ടില്‍ വിവരമറിയുക. സമീപകാലത്ത് തൊഴില്‍തട്ടിപ്പില്‍ അകപ്പെട്ട മിക്കവരും അംഗീകാരമില്ലാത്ത റിക്രൂട്ടിങ് ഏജന്‍സികള്‍വഴിയാണ് വിദേശത്ത് എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് പറയുന്നു.
പരാതികള്‍ ലഭിക്കാത്തതും സംഭവം നടക്കുന്നത് വിദേശത്തായതുമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ള പരിമിതി. വിദേശകാര്യ മന്ത്രാലയത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലടക്കം അന്വേഷണം ആരംഭിച്ചത്. യുക്രൈനിലും റഷ്യയിലും സന്നദ്ധസേവനത്തിന് എത്തുന്നവരെപ്പോലും യുദ്ധത്തിന് ഉപയോഗിക്കുന്നതായാണ് വിവരം.
ഏജന്‍സികള്‍ നല്‍കുന്ന ഓഫര്‍ലെറ്ററില്‍ പറയുന്ന ജോലി, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നു നിര്‍ദേശിക്കാറുണ്ടെങ്കിലും അത് പൂര്‍ണതോതില്‍ പ്രായോഗികമല്ല. തൊഴില്‍സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പില്‍പ്പെടാതിരിക്കാനും അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുടെ പട്ടിക പരിശോധിച്ചുറപ്പാക്കുകയാണ് പരിഹാരം.
റഷ്യന്‍, യുക്രൈന്‍ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരത്തെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്സും അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഏജന്‍സികള്‍വഴിയേ വിദേശതൊഴിലിന് ശ്രമിക്കാവൂ. സന്ദര്‍ശകവീസയിലൂടെ ജോലിക്ക് പോകുന്നതും ഒഴിവാക്കണം. തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ മെയിലിലൂടെയും 0471-2721547 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലും അറിയിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല