സ്വന്തം ലേഖകന്‍: പാലു കൊടുത്തു വളര്‍ത്തിയ സ്വന്തം പാമ്പുകളെക്കൊണ്ട് കടിപ്പിച്ച് മരണം, റഷ്യയിലെ പാമ്പു മനുഷ്യന് ദാരുണാന്ത്യം. പാമ്പുകളെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍സ്‌ലന്‍ വാലീവ് എന്ന റഷ്യന്‍ യുവാവാണ് ഓമനിച്ചു വളര്‍ത്തിയ സ്വന്തം പാമ്പിനെ കൊണ്ടു കടിപ്പിച്ച് ആത്മഹത്യ ചെയ്തത്. അന്ത്യനിമിഷങ്ങള്‍ യുട്യൂബിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ഭാര്യയുമായുണ്ടായ വഴക്കാണ് 31 കാരനായ വാലീവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഫ്രിക്കയില്‍ കണ്ടുവരുന്ന കൊടുംവിഷമുള്ള ‘ബ്ലാക്ക് മാംബ’ ഇനത്തില്‍പെട്ട പാമ്പാണു വാലീവിനെ കടിച്ചത്. അര്‍സ്‌ലനെ പാമ്പു കടിക്കുന്നതു ക്യാമറയില്‍ കാണാന്നുല്ലെങ്കിലും വിരലിലേറ്റ മുറിപ്പാട് അര്‍സ്‌ലന്‍ പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. അസ്വസ്ഥതയോടെ ശ്വാസം വലിക്കുന്നതും കണ്ണുകള്‍ പിന്നിലേക്കു മറിയുന്നതും ഉള്‍പ്പെടെ അന്ത്യനിമിഷങ്ങളെല്ലാം പകര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ വേച്ചുവേച്ചു ക്യാമറയില്‍ നിന്നു പിന്നിലേക്കു പോകുന്നതും കാണാം. തല്‍സമയം ഇതു കണ്ട പ്രേക്ഷകരിലൊരാള്‍ പൊലീസിനെ അറിയിച്ചതോടെ ആംബുലന്‍സ് എത്തി വാലീവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍, ഇത് അര്‍സ്‌ലന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നും മറ്റു ചിലര്‍ പറയുന്നു. കഴിഞ്ഞ മാസം വാലീവ് ഭാര്യയെ മര്‍ദിച്ചതിനെ തുടര്‍ന്ന് അവര്‍ പിണങ്ങിപ്പോകുകയും വിവാഹ മോചനത്തിനു കേസ് കൊടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ മൃഗശാല മുന്‍ ജീവനക്കാരനായ അര്‍സ്‌ലനും ഭാര്യ എക്തെറീന കാത്യയ്ക്കും റഷ്യയില്‍ ഒട്ടേറെ ആരാധകരുണ്ട്. യുട്യൂബിലെ ഇവരുടെ ചാനല്‍ ആയിരക്കണക്കിന് ആളുകളാണ് പിന്തുടരുന്നത്. നിരവധി പാമ്പുകളെയും കാട്ടുപൂച്ചകളെയും ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല