സ്വന്തം ലേഖകൻ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ അകപ്പെട്ട 229 ഇന്ത്യക്കാരെ കൂടി ഇന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ ദിവസം 365 പേരെ ഡൽഹിയിലെത്തിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുതിയ ബാച്ച് നാട്ടിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചു.
സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബാച്ചുകളിലായി 754 പേരെയാണ് വെള്ളിയാഴ്ച ഇന്ത്യയിലെത്തിച്ചത്. ഇതിൽ 15 മലയാളികളും ഉൾപ്പെടുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,954 പേരെയാണ് ഇതുവരെ രക്ഷപെടുത്തിയത്. സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിന്നാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നത്. സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളിലാണ് സുഡാനിൽ നിന്ന് കൊണ്ടുവരുന്ന ഇന്ത്യക്കാർക്ക് വേണ്ടി താമസവും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 24നാണ് രക്ഷാദൗത്യം ആരംഭിച്ചത്. മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്ക്. സംഘർഷ മേഖലകളായ ഖർത്തൂമിൽ നിന്നും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും പോർട്ട് സുഡാനിലേക്ക് ഇന്ത്യൻ പൗരന്മാരെ ബസുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് എയർക്രാഫ്റ്റുകളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിലുമാണ് ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത്. ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനത്തിലും വ്യോമസേനയുടെ വിമാനത്തിലുമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത്.
ജിദ്ദയിലും പോർട്ട് സുഡാനിലും ഇന്ത്യ പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവും ഖർത്തൂമിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിനാണ് സുഡാൻ കഴിഞ്ഞ 15 ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്.
400ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുസേനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആൽബർട്ട് അഗസ്റ്റിനെന്ന മലയാളിയും കൊല്ലപ്പെട്ടിരുന്നു. ഫ്ലാറ്റിനകത്തിരിക്കവെയാണ് ആൽബർട്ടിന് വെടിയേറ്റത്. കുടുംബത്തെ നാട്ടിലെക്ക് തിരികെ കൊണ്ടുവന്നെങ്കിലും മൃതദേഹം ഇതുവരെയും എത്തിച്ചിട്ടില്ല.
സുഡാനിൽ നിന്ന് നാട്ടിലെത്തുന്നവർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. എല്ലാവരേയും നാട്ടിൽ തിരിച്ചെത്തിക്കുംവരെ സർക്കാർ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡൽഹിയിലും മുംബൈയിലും പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സൗകര്യങ്ങളും ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല