സ്വന്തം ലേഖകന്‍: സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി. മൈസുരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായിക വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും കാണികള്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ചതോടെ ജാനകി സ്വരം ഇനി സംഗീതനിശകളിലും കേള്‍ക്കാന്‍ കഴിയില്ല.
പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ തീരുമാനിച്ചതെന്ന് ജാനകിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ‘നിങ്ങളുടെ സ്‌നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സില്‍ ഞാനുണ്ട്. ഞാന്‍ തൃപ്തയാണ്,’ എസ്.ജാനകി സദസ്സിനു നേര്‍ക്കു കൈകൂപ്പിക്കൊണ്ട് പറഞ്ഞു. തുടര്‍ന്നു ‘സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ…’ ഉള്‍പ്പെടെയുള്ള നിത്യഹരിത ഗാനങ്ങളും ജാനകി കാണികള്‍ക്കായി പാടി.
പാട്ടു നിര്‍ത്തരുതെന്ന സദസ്സിന്റെ അഭ്യര്‍ഥനയോട്, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന പഴഞ്ചൊല്ല് ജാനകി ഓര്‍മിപ്പിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നാലുതവണയും കേരള സംസ്ഥാന അവാര്‍ഡ് പതിന്നാലു തവണയും നേടിയ ജാനകി നിരവധി ക്ലാസിക് ഗാനങ്ങള്‍ പാടിയതു കൂടാതെ ഗാനരചനയിലും സംഗീത സംവിധാനത്തിലും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല