സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണം, ലോക രാജ്യങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനീക നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യു.എസ് പ്രതികരിച്ചത്. മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു.
അതേസമയം, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ നാടകീയമായ ചെറുത്തുനില്‍പ്പ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിലുള്ള ആശങ്കയും ചില രാജ്യങ്ങള്‍ മറച്ചുവെച്ചില്ല. എന്നാല്‍, പാകിസ്ഥാന് കശ്മീരിനു മേലുള്ള അവകാശത്തെ മാനിക്കുന്നുവെന്നും അതേസമയം, നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ബെയ്ജിങ്ങില്‍ പറഞ്ഞു.
ഇന്ത്യന്‍ സൈനീക നീക്കത്തിന് ഉറച്ച പിന്തുണയാണ് ബംഗ്ലാദേശ് വാഗ്ദാനം ചെയ്തത്. പരമാധികാരത്തിന്മേലുള്ള എന്ത് കടന്നുകയറ്റവും ചെറുത്തുനില്‍ക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് കൂടുതല്‍ തിരിച്ചടി നല്‍കി ഇസ്ലാമാബാദില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തിലാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കും.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയാണ് സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ആദ്യം പിന്‍മാറിയത്. ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയും ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭുട്ടാന്‍ എന്നീ രാജ്യങ്ങളും നേരത്തെ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.
അധ്യക്ഷ രാജ്യമായ നേപ്പാളും മാലിദ്വീപും മാത്രമാണ് ഇതുവരെ നിലപാട് അറിയിക്കാതിരുന്നത്. ചട്ടപ്രകാരം പകുതിയിലധികം രാജ്യങ്ങള്‍ പിന്‍മാറിയതിനാല്‍ ഉച്ചകോടി റദ്ദാക്കിയതായി നേപ്പാള്‍ അറിയിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല