സ്വന്തം ലേഖകൻ: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു ടേക്ക് ഓഫ് പ്രതീക്ഷ. 5 ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകൾക്കു കൂടിയാണു ചിറകു മുളയ്ക്കുന്നത്. വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്.
ഇപ്പോൾ നടക്കുന്നത്
ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവ്. ഇവിടെ സർവേ നടത്തുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് എസ്റ്റേറ്റ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചു. ഇതിനെതിരെ ബിലീവേഴ്സ് ചർച്ച് കോടതിയിൽ ഹർജി സമർപ്പിക്കുകയും കോടതി സർവേ നടപടികൾ തടയുകയും ചെയ്തു.
എസ്റ്റേറ്റിലെ സ്ഥലത്ത് പഠനങ്ങൾ നടത്താം, എന്നാൽ സർവേ നടപടി പാടില്ല എന്നുള്ള ആവശ്യം കോടതി അംഗീകരിച്ചതായി ബിലീവേഴ്സ് ചർച്ച് പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സർക്കാരും ബിലീവേഴ്സ് ചർച്ച് അധികൃതരും തമ്മിൽ പാലാ കോടതിയിൽ തുടരുകയാണ്. എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല