സ്വന്തം ലേഖകന്‍: ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം; ശബരിമല വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പുരുഷന് ആകാമെങ്കില്‍ അത് സ്ത്രീയ്ക്കും ആകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്തുപറഞ്ഞു. കേസില്‍ പുതുതായി കക്ഷി ചേരാന്‍ ആരേയും അനുവദിക്കില്ല.
സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ട് എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കല്‍പമില്ല. ക്ഷേത്രം പൊതുവായ ഒരു സങ്കല്‍പമാണെന്നും പരാമര്‍ശമുണ്ട്. നിയമത്തില്‍ ഇല്ലാത്ത നിയന്ത്രണം സാധ്യമാണോ എന്ന് അദ്ദേഹം ചോദിച്ചു. നാലാം തവണയാണ് നിങ്ങള്‍ നിലപാട് മാറ്റുന്നത് എന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനേക്കുറിച്ച് സൂചിപ്പിച്ചു.
നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിലാണ് സര്‍ക്കാര്‍. സമയം മാറുന്നതിനനുസരിച്ച് നിലപാടും മാറുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ പരാമര്‍ശിച്ചു. വിശ്വാസ പരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനയുടെ അനുച്ഛേദം വ്യക്തികള്‍ക്ക് മാത്രമേ ഉള്ളൂ, ആരാധനാലയങ്ങള്‍ക്ക് ഇല്ലെന്നും ഇന്ദിര ജയ്‌സിംഗ് വ്യക്തമാക്കി.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാട് ആണ് സുപ്രിം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തി. ആചാര അനുഷ്ടാനങ്ങളില്‍ കോടതി ഇടപെടരുത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സുപ്രിം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കുകയും, വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം ആണ് സര്‍ക്കാരിന്റെ നിലപാട് എന്ന് വിശദീകരിക്കുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല