സ്വന്തം ലേഖകന്‍: കശ്മീരില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടു, താഴ്വരയിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം വീണ്ടും ഏര്‍പ്പെടുത്തി. ശനിയാഴ്ച താഴ്‌വരയിലെ വ്യത്യസ്ത ഇടങ്ങളിലായി സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ട് തീവ്രവാദികളില്‍ ഒരാള്‍ സബ്‌സര്‍ അഹ്മദ് ഭട്ടാണെന്ന് സൈന്യം സ്ഥിരീകരിച്ചു. പുല്‍വാമ ജില്ലയിലെ ത്രാള്‍ സെക്ടറിലുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്നവര്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് മറ്റൊരു തീവ്രവാദിക്കൊപ്പം സബ്‌സറും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മറ്റ് ആറു പേര്‍ ബാരാമുല്ല ജില്ലയിലെ രാംപൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചവരാണെന്ന് സൈനിക വക്താവ് പറഞ്ഞു. സബ്‌സര്‍ കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ സൊയ്‌മൊ ഗ്രാമവാസികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. അനന്ത് നാഗ്, ഷോപിയാന്‍, പുല്‍വാമ, ത്രാള്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലും സൈന്യവും പ്രക്ഷോഭകരും ഏറ്റുമുട്ടിയതായി ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു.താഴ്‌വരയില്‍ പലേടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
അതിനിടെ, ശനിയാഴ്ച രാവിലെ പുനഃസ്ഥാപിച്ച ഇന്റര്‍നെറ്റ് ബന്ധം ഉച്ചയോടെ സര്‍ക്കാര്‍ വീണ്ടും റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം അക്രമാസക്തമാവുകയും നൂറിലേറെപ്പേരുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ആയിരത്തിലേറെ പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.
നിയന്ത്രണരേഖയില്‍ സംശയാസ്പദ നീക്കങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാംപൂരില്‍ രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. ഇതില്‍ ആറു ഭീകരരെ വധിച്ച് നുഴഞ്ഞു കയറ്റത്തിന് തടയിട്ടതായി സൈന്യം അറിയിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യ നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിമതര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബുര്‍ഹാന്‍ വാനിയുടെ ബാല്യകാല സുഹൃത്തായിരുന്നു ഭട്ട്. പ്രണയിച്ചിരുന്ന പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഭട്ട് ഭീകര പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല