സ്വന്തം ലേഖകന്‍: എഴുത്തുകാര്‍ക്ക് നേരെ കൂടിവരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം മലയാളത്തിലേക്കും, സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജിവച്ചു, സാറാ ജോസഫ് പുരസ്‌കാരം മടക്കി നല്‍കി. കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുറഗിയുടെ കൊലപാതകവും തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി തുടരുന്ന സംശയകരമായ മൗനവുമാണ് രാജ്യ വ്യാപകമായ പ്രതിഷേധത്തിന് വഴി തെളിച്ചത്.
നേരത്തെ പ്രമുഖ ഹിന്ദി കവി അശോക് വാജ്‌പേയി, നയന്‍താര സെഗാള്‍, ഉദയ് പ്രകാശ്, ശശി ദേശ്പാണ്ഡെ, റഹ്മാന്‍ അബ്ബാസ് എന്നിങ്ങനെ നിരവധി എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുകയോ സ്ഥാനമാനങ്ങള്‍ ത്യജിക്കുകയോ ചെയ്തിരുന്നു. ജീവിക്കാനും ചിന്തിക്കാനും എഴുതാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി ശക്തമായ നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ചു താന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗത്വം ഉള്‍പ്പെടെ അക്കാദമിയിലെ പദവികളെല്ലാം രാജിവയ്ക്കുകയാണെന്നു കവി സച്ചിദാന്ദന്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലില്ലാതെ നല്‍കുന്ന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതു നല്ല കീഴ്‌വഴക്കമല്ലെന്ന് അദ്ദേഹം പറഞ്ഞതോടെ ഇക്കാര്യത്തില്‍ മലയാള സാഹിത്യ ലോകം രണ്ടുതട്ടിലായി. രാജ്യത്തെ വര്‍ഗീയ ഭീകരാന്തരീക്ഷത്തില്‍ പ്രതിഷേധിച്ചാണു പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നതെന്നു നോവലിസ്റ്റ് സാറാ ജോസഫ് പറഞ്ഞു. വിദേശത്ത് എഴുത്തുകാര്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ശബ്ദിച്ച ചരിത്രമുള്ള അക്കാദമിക്ക് എന്തു പറ്റിയെന്ന് അക്കാദമി അധ്യക്ഷന്‍ വിശ്വനാഥ് പ്രതാപ് തിവാരിക്കുള്ള കത്തില്‍ നോവലിസ്റ്റ് ആനന്ദ് ചോദിച്ചു.
എന്നാല്‍, ജനങ്ങളില്‍നിന്നു കരം പിരിച്ചെടുക്കുന്ന പണംകൊണ്ടു നല്‍കുന്ന പുരസ്‌കാരം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വകയല്ലെന്നു നോവലിസ്റ്റ് പി. വല്‍സല പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളോട് പ്രതിഷേധമുണ്ടെങ്കിലും അതിന്റെ പേരില്‍ അവാര്‍ഡ് തിരിച്ചു കൊടുക്കാനില്ലെന്ന് എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. അക്കാദമി പുരസ്‌കാരം കേന്ദ്ര സര്‍ക്കാരിന്റേതല്ലാത്തതിനാല്‍ മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുഗതകുമാരി പറഞ്ഞു. പുരസ്‌കാരം തിരിച്ചുനല്‍കേണ്ടെന്നും പ്രതിഷേധം തുടരണമെന്നുമുള്ള സുഗതകുമാരിയുടെ നിലപാടാണ് തനിക്കുള്ളതെന്ന് ടി. പത്മനാഭനും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല