സ്വന്തം ലേഖകന്‍: വീഡിയോ ഗെയിമില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ താന്‍ എപ്പോഴും സച്ചിനാകുമെന്ന് ടെന്നീസ് ലോകത്തെ സച്ചിന്റെ സൂപ്പര്‍ ആരാധകന്‍. ടെന്നീസ് ലോകത്തെ ഇതിഹാസതാരമായി അറിയപ്പെടുമ്പോഴും, ക്രിക്കറ്റ് സ്വന്തം നാട്ടില്‍ ആരും കളിക്കാത്ത കളിയായിട്ടും റോജര്‍ ഫെഡര്‍ക്ക് സച്ചിനോടുള്ള ആരാധന പ്രശസ്തമാണ്.
സ്വിറ്റ്‌സര്‍ലന്റുകാരനായ ടെന്നീസ് ഇതിഹാസം റോജര്‍ഫെഡറര്‍ വീഡിയോ ഗെയിമില്‍ എപ്പോള്‍ ക്രിക്കറ്റ് കളിച്ചാലും താന്‍ ബാറ്റ്‌സ്മാനായി തെരഞ്ഞെടുക്കുന്നത് സച്ചിനെ ആണെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് സച്ചിന്‍ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ലീഗ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ എത്തിയ ഫെഡറര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ പ്രേമവും ക്രിക്കറ്റ് ഹരവുമൊക്കെ പ്രകടമാക്കിയത്.
ഇന്ത്യന്‍ കായികതാരങ്ങളില്‍ സച്ചിനെ ഏറെ ആദരിക്കുന്ന ഫെഡറര്‍ കഴിഞ്ഞ വിംബിള്‍ഡണില്‍ ആയിരുന്നു ആദ്യം കണ്ടുമുട്ടിയത്. സച്ചിനുമായി പല കാര്യങ്ങളെ കുറിച്ചും ഏറെ നേരം സംസാരിച്ചെന്നും തികച്ചും മാന്യനായ വ്യക്തിയാണെന്നും ഫെഡറര്‍ പറയുന്നു.
ഇന്ത്യന്‍ സംസ്‌ക്കാരത്തെ ഇഷ്ടപ്പെടുന്ന ഫെഡറര്‍ ഇവിടുത്തെ ജനങ്ങളും ഭക്ഷണവും ഏറെ പ്രിയകരമാണെന്നും പറയുന്നു. സമയം കിട്ടിയാല്‍ കുടുംബവുമായി ഇവിടേയ്ക്ക് വരുമെന്നും ഈ രാജ്യത്തിന്റെ സംസ്‌ക്കാരം നുകരാന്‍ സന്തോഷമേയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. കളിച്ചിട്ടുള്ള ഏറ്റവും കരുത്തനായ എതിരാളി നോവാക് ജോക്കോവിക്ക് ആണെന്നാണ് ഫെഡററുടെ അഭിപ്രായം. തമ്മില്‍ ഗൗരവമായ ചില മത്സരം കളിച്ചിട്ടുണ്ട്.
മൂന്ന് ഫൈനലുകളില്‍ അദ്ദേഹത്തിന് മുന്നില്‍ പരാജയപ്പെട്ടെന്നും പറഞ്ഞു.
സ്‌റ്റെഫാന്‍ എഫന്‍ബര്‍ഗും പീറ്റ് സംപ്രാസുമാണ് മഹരഥന്മാരായ ടെന്നീസ് താരങ്ങള്‍. ഇവരായിരുന്നു കളത്തില്‍ തനിക്കെന്നും പ്രചോദനമെന്നും വ്യക്തമാക്കി. ഫെഡററിനൊപ്പം ചെന്നൈയില്‍ ടെന്നീസ് ലീഗ് കളിക്കാന്‍ റാഫേല്‍ നദാലും എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല