സ്വന്തം ലേഖകന്‍: സച്ചിന് 200 ഉം 300 ഉം അടിക്കാന്‍ അറിയില്ലായിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശം വിവാദമാകുന്നു, വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റര്‍മാര്‍ രംഗത്ത്. മുംബൈ ബാറ്റ്‌സ്മാന്മാരുടെ ബാറ്റിംഗ് ശൈലി കണ്ടുപഠിച്ചതാണ് സച്ചിനു പറ്റിയ അബദ്ധമെന്നും കപില്‍ പറഞ്ഞിരുന്നു.
സച്ചിന്‍ ഇതിലും എത്രയോ മികച്ച ക്രിക്കറ്ററാണ്. പക്ഷേ സെഞ്ചുറികള്‍ അടിക്കാന്‍ മാത്രമേ സച്ചിന് അറിയൂ. അതിനെ 200 ഉം 300 ഉം ആക്കി മാറ്റാന്‍ സച്ചിന് അറിയുമായിരുന്നില്ല, കപില്‍ ദുബായില്‍ പറഞ്ഞു.
എന്നാല്‍ മുംബൈ ക്രിക്കറ്റര്‍മാര്‍ ടീമിന് വേണ്ടി കളിക്കുന്നവരാണ് എന്നും അതുകൊണ്ടാണ് രഞ്ജി ട്രോഫിയില്‍ ബോംബെ 40 തവണ ചാമ്പ്യന്മാരായതെന്നും തിരിച്ചടിച്ച് അജിത് വഡേക്കര്‍ രംഗത്തെത്തി. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ബോംബെ ക്രിക്കറ്റര്‍മാര്‍ക്കെതിരെ ഇതൊക്കെ പറയുന്നത് പുതിയ കാര്യമല്ല. മുംബൈയില്‍ വന്ന് താമസിക്കാനൊക്കെ അവര്‍ക്ക് ഇഷ്ടമാണ്. പക്ഷേ മുംബൈയ്‌ക്കെതിരെ കളിക്കാനിഷ്ടമല്ല, എന്ന് വഡേക്കര്‍ കളിയാക്കി.
ഇപ്പോള്‍ നോക്കുമ്പോള്‍ സച്ചിന്‍ 100 സെഞ്ചുറികള്‍ക്ക് ഉടമയാണ്. ഒരു ശരിക്കുള്ള ലജന്‍ഡാണ് സച്ചിന്‍. സച്ചിനായാലും ഗാവസ്‌കറായാലും ടീമിന് വേണ്ടി കളിച്ചവരാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും വിദേശത്ത് ടെസ്റ്റ് പരമ്പര ജയിച്ച ക്യാപ്റ്റനായ വഡേക്കര്‍ പറഞ്ഞു.
സച്ചിനെപ്പറ്റി കപില്‍ ദേവ് പറഞ്ഞത് അസംബന്ധമാണ് എന്നാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈക്കാരനുമായ രാജു കുല്‍ക്കര്‍ണി പറഞ്ഞത്. 100 സെഞ്ചുറി നേടിയ ഒരാളെക്കുറിച്ചാണ് കപില്‍ദേവ് ഇത് പറയുന്നത് എന്നോര്‍ക്കണം, കപിലിന്റെ കീഴില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ കുല്‍ക്കര്‍ണി ഓര്‍മ്മിപ്പിച്ചു.
കപില്‍ ദേവ് പറഞ്ഞത് കപില്‍ ദേവിന്റെ അഭിപ്രായമാണ്. ആര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്, എന്നായിരുന്നു മുംബൈ കളിക്കാരനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ദിലീപ് വെംഗ്‌സര്‍ക്കരുടെ പ്രതികരണം. കപിലിന്റെ വിമര്‍ശനം പ്രധാനമായും ഉന്നം വച്ചത് സുനില്‍ ഗവാസ്‌ക്കറെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഗവാസ്‌ക്കര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല