സ്വന്തം ലേഖകന്‍: സച്ചിന്‍ അത്ര സൗമ്യനല്ല, മൈതാനത്ത് സച്ചിന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് മഗ്രാത്ത്. കളിക്കളത്തിലെ ചീത്തവിളിയുടെ ആശാന്മാരില്‍ ഒരാളായ മഗ്രാത്ത് ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വെളിപ്പടുത്തിയത്. സച്ചിനും മഗ്രാത്തും തമ്മിലുള്ള ബാറ്റും ബോളും ഉപയോഗിച്ചുള്ള യുദ്ധങ്ങള്‍ മൈതാനത്ത് തീ പടര്‍ത്തിയിരുന്നു. മിക്ക അവസരങ്ങളിലും സച്ചിന്റെ ബാറ്റിംഗ് ആക്രമണത്തില്‍ വലഞ്ഞ മഗ്രാത്ത് സച്ചിനെ പ്രകോപിക്കാന്‍ ശ്രമിക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു.
എല്ലാ ടീമുകളും സ്‌ളെഡ്ജിങ് പിന്തുടരാറുണ്ട്. എന്നാല്‍ അതൊന്നും വാര്‍ത്തയാകാറില്ല. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ചീത്തവിളിക്കുമ്പോള്‍ മാത്രമേ വാര്‍ത്തയാകുന്നുള്ളൂ. മറ്റുള്ളവര്‍ ചീത്തവിളിക്കുമ്പോള്‍ ഞങ്ങള്‍ മൗനം പാലിക്കാറാണ് ചെയ്യാറ്. ക്രിക്കറ്റ് ഞങ്ങള്‍ക്ക് വികാരമാണ്. മൈതാനത്ത് എന്തെങ്കിലും പറഞ്ഞാലും കളി കഴിയുമ്പോള്‍ ഞങ്ങള്‍ അത് മറക്കും. ഓസ്‌ട്രേലിയന്‍ ടീമിന്റെ സംസ്‌കാരമാണത്. മാത്യു ഹെയ്ഡനാണ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ എതിരാളികളെ ചീത്ത വിളിച്ചിട്ടുള്ളതെന്നും മഗ്രാത്ത് അഭിമുഖത്തില്‍ പറയുന്നു,
ഓസ്‌ട്രേലിയന്‍ ടീമില്‍ ഏറ്റവുമധികം ചീത്ത വിളിക്കുന്ന താരം ആരാണെന്ന ചോദ്യത്തിന് മാത്യു ഹെയ്ഡന്‍ എന്നാണ് മഗ്രാത്ത് മറുപടി നല്‍കിയത്. താന്‍ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റര്‍ ആരാണെന്ന ചോദ്യത്തിന് ഷെയ്ന്‍ വോണ്‍ എന്നും മഗ്രാത്ത് മറുപടി നല്‍കി. കളിക്കളത്തിന് അകത്തും പുറത്തും അങ്ങേയറ്റം മാന്യമായ പെരുമാറ്റമാണ് സച്ചിന്റേത് എന്ന് കടുത്ത എതിരാളികള്‍ പോലും പറയുമ്പോഴാണ് മഗ്രാത്ത് വ്യത്യസ്തമായ അനുഭവം പങ്കുവച്ചത്.
ക്രിക്കറ്റിനിടയില്‍ എതിരാളികളെ മാനസികമായി തളര്‍ത്തുന്നതിനായി തെറിവളി നടത്തുന്നതില്‍ പണ്ടേ പ്രശസ്തരാണ് ഓസ്‌ട്രേലിയന്‍ ടീം. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യത്തിലുമുള്ള ഓസ്‌ട്രേലിയന്‍ ടീമായിരുന്നു സ്ലഡ്ജിങ്ങില്‍ മുമ്പന്‍മാര്‍. ആ കാലഘട്ടത്തില്‍ ഓസീസ് ടീമിലെ പ്രധാന ബൗളര്‍മാരിലൊരാളായിരുന്ന ഗ്ലെന്‍ മഗ്രാത്തും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല