അഭിമാനത്തിന്‍റെ നെറുകയിലാണ് ഇന്ത്യയും ഇന്ത്യയുടെ സ്വന്തം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഏതൊരു രാജ്യവും കൊതിച്ചു പോകും ഇതുപോലൊരു കായികതാരത്തെ സ്വന്തമാക്കാന്‍. ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്നുണ്ടാകും, സച്ചിനെപ്പോലെ സ്വന്തം രാജ്യത്തിന്‍റെ യശസ് ഉയര്‍ത്താന്‍. കളിക്കാര്‍ക്കിടയിലെ ലിറ്റില്‍ മാസ്റ്റര്‍; ടീമിന്‍റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ക്രിക്കറ്റിനെ ആരാധിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്കു സച്ചിന്‍ പക്ഷേ, ഇതൊന്നുമല്ല; കണ്‍കണ്ട ദൈവം.
ഓര്‍മവച്ചനാള്‍ മുതല്‍ അല്ലെങ്കില്‍ ക്രിക്കറ്റില്‍ ഇന്ത്യ എന്തൊക്കെയോ ആയിത്തുടങ്ങിയപ്പോള്‍ ക്രിക്കറ്റ് ഇവിടെ ഒരു മതമായി കണക്കാക്കപ്പെട്ടു തുടങ്ങിയത് മുതല്‍ ഈ ഒരു പേരുകാരനില്‍ ആരാധകര്‍ അര്‍പ്പിച്ച അല്ലെങ്കില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന പ്രതീക്ഷയേറെ. എന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കായി മാത്രമാണ് സച്ചിന്‍ കളത്തിലിറങ്ങുന്നതെന്ന ആരോപണം ഏറെ നേരിട്ടു. മറുവശത്ത് ക്ലാസി സ്റ്റൈലിസ്റ്റുകള്‍ക്ക് പിന്നിലാണെന്നും ടി20 യുഗത്തിലെ വിസ്ഫോടനത്തിലൂടെ ഒരു മഴയില്‍ കിളിര്‍ത്ത് ഒലിച്ചുപോകുന്ന നൈമിഷിക വെടിക്കെട്ട് വീരന്മാരെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കണ്ടുപഠിക്കണമെന്നും എല്ലാം അഭിപ്രായങ്ങള്‍.
ബംഗ്ലാദേശിലെ ഷേറേ ബംഗ്ലാ സ്റ്റേഡിയത്തില്‍ സച്ചിന്‍ ബാറ്റുയര്‍ത്തിയപ്പോള്‍ ലോകക്രിക്കറ്റിലെ ആദ്യത്തെ നൂറാമത്തെ നൂറു പിറന്നു. ഒരു പക്ഷെ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കാലം പ്രതീക്ഷിച്ച സെന്ച്വറി ഇതായിരിക്കണം. 2011 മാര്‍ച്ച് മുതലുള്ള കാത്തിരിപ്പിനു വിരാമമിട്ട് ബംഗ്ലാദേശിനോട് പിറന്ന ഈ നൂറിലൂടെ കളിച്ച എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറി എന്ന നേട്ടവും സച്ചിന്‍ സ്വന്തമാക്കി. 51 ടെസ്റ്റ് സെഞ്ച്വറികളും 49 ഏകദിന സെഞ്ച്വറികളും. ഇതിനു മുന്നെ തന്നെ ആദ്യമായി ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റില്‍ 50 സെഞ്ച്വറികളും ടെസ്റ്റ് ക്രിക്കറ്റില്‍ 50 സെഞ്ച്വറികളും തികക്കുന്ന കളിക്കാരന് എന്ന നേട്ടം സച്ചിന്‍ കൈവരിച്ചിരുന്നു.
ചരിത്രനേട്ടത്തിന്റെ വാതില്‍പ്പടിയില്‍ മാസങ്ങളോളമായി നില്ക്കാന് തുടങ്ങിയ സച്ചിന്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ആ മുഖത്ത് വ്യക്തമായിരുന്നു. വളരെ പോസിറ്റീവായി ബാറ്റിങ് തുടങ്ങി കോപ്പി ബുക്ക് ഡ്രൈവുകളിലൂടെ ബൗണ്ടറികള്‍ നേടി മുന്നേറിയ സച്ചിന്‍ എണ്‍പതുകളില്‍ എത്തിയപ്പോള്‍ സമ്മര്‍ദ്ദത്തിനു അടിപ്പെട്ടു. നെര്‍വസ് നയന്റീസിലൂടെ സച്ചിന്‍ കടന്ന് പോയപ്പോള്‍ നെഞ്ചിടിപ്പുകളുമായി കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകര്‍ കണ്ണും നട്ട് കാത്തിരുന്നു. ഒടുവില്‍ ഓടിയെടുത്ത ഒരു റണ്ണിലൂടെ സെഞ്ച്വറി പിറന്നപ്പോള്‍ ആഹ്ലാദം അണപൊട്ടിയൊഴുകി.
1989ല്‍ പതിനാറാമത്തെ വയസില്‍ പാക്കിസ്ഥാനെ നേരിട്ടുകൊണ്ടായിരുന്നു സച്ചിന്‍ എന്ന താരോദയം. അന്നു മുതലിങ്ങോട്ട് സച്ചിന്‍ രചിച്ചത് ക്രിക്കറ്റിന്‍റെ ഇതിഹാസം. ഡോണ്‍ ബ്രാഡ്മാന്‍ തന്നോടു തന്നെ ഉപമിച്ച സച്ചിന്‍റെ ഖ്യാതി ഹിമാലയത്തെക്കാള്‍ ഉയരുമ്പോഴും വിനയം കടലോളം താഴെത്തന്നെ. ലോകത്തിന്‍റെ ഏതു കോണിലായാലും ഈ എളിമ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര.
ക്രീസിലും പുറത്തും തനിക്കെതിരേ മോശം പെരുമാറ്റങ്ങളുണ്ടായപ്പോള്‍പ്പോലും സച്ചിന്‍ പ്രകോപിതനായിട്ടില്ല. മാധ്യമങ്ങളുടെ വേട്ടയിലും നിരാശനായില്ല. ടീമിനെക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കു പിന്നാലെ പോകുന്നു എന്ന് അദ്ദേഹത്തെ പഴിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയം അതിക്രമിച്ചെന്നു തുറന്നു പറഞ്ഞ ക്രിക്കറ്റ് പണ്ഡിതരുണ്ട്. ടീമില്‍ നിന്നു തന്നെ പഴി കേട്ടിട്ടുണ്ട്. പക്ഷേ, വിമര്‍ശകരോടെല്ലാം തികഞ്ഞ സംയമനം പാലിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വം.
ദേശീയതയിലും ഇന്ത്യക്കാര്‍ക്കെല്ലാം നല്ല മാതൃകയാണു സച്ചിന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സച്ചിന്‍, ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂ, പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഏതാനും വര്‍ഷം മുന്‍പ് ശിവസേനയുടെ നേതൃത്വത്തില്‍ ഉടലെടുത്ത മറാഠ വാദത്തിനും മണ്ണിന്‍റെ മക്കള്‍ വാദത്തിനും എതിരേ തുറന്നടിക്കാന്‍ സച്ചിന്‍ കാട്ടിയ ഔത്സുക്യം, രാജ്യത്തിന്‍റെ മൊത്തം അഭിനന്ദനം ഏറ്റുവാങ്ങുന്നതായിരുന്നു. ”ഞാനൊരു മറാഠിയാണ്. പക്ഷേ, ഇന്ത്യക്കാരനാണ്. മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്.” ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
ശിവസേനയുടെ മണ്ണിന്‍റെ മക്കള്‍ വാദത്തിന്‍റെ മുനയൊടിക്കാനും ലക്ഷക്കണക്കിനു മറുനാട്ടുകാര്‍ക്കു മുംബൈയില്‍ ചുവടുറപ്പിക്കാന്‍ ആത്മവിശ്വാസം നല്‍കാനും അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ക്കു കഴിഞ്ഞു. കഠിനാധ്വാനത്തിനും അപാരമായ ക്ഷമാബോധത്തിനും സച്ചിന്‍ കഴിഞ്ഞേ ആരുമുള്ളൂ. ക്രിക്കറ്റ് അല്ലാതെ അദ്ദേഹത്തിന് ഒന്നുമില്ല. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദമുണ്ടാക്കുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നു പുറത്തു വന്നിട്ടില്ല. ഒന്നാം നിരയില്‍ തിളങ്ങി നിന്ന ശേഷം ഫോം മങ്ങിയപ്പോള്‍, ടീമിനും രാജ്യത്തിനും എതിരേ പ്രസ്താവന നടത്തിയ ക്രിക്കറ്റ് താരങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് സച്ചിന്‍റെ മഹത്വം തിരിച്ചറിയുക.
ക്രിക്കറ്റിലൂടെ അദ്ദേഹം രാജ്യത്തിനു നേടിത്തന്നതിനെല്ലാം ഒരളവോളം തിരിച്ചും നല്‍കിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ മാതൃഭൂമി. അവശേഷിക്കുന്നത് ഭാരത രത്ന എന്ന പരമോന്നത സിവിലയന്‍ ബഹുമതി. കഴിഞ്ഞ ഏതാനും വര്‍ഷമായി അതിനുള്ള ചര്‍ച്ചകളും സജീവമാണ്. ഫീല്‍ഡില്‍ സജീവമായി തുടരുന്നു എന്നതാണു തടസമായി ചൂണ്ടിക്കാട്ടുന്ന ഒരു ഘടകം.സച്ചിന്‍റെ ഇന്നിങ്സ് തന്നെയാണ് ആധുനിക ക്രിക്കറ്റിന്‍റെ ഇതിഹാസം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും. ഹിമാലയത്തോളം വളര്‍ന്ന സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക് എന്‍ആര്‍ഐ മലയാളിയുടെ അഭിനന്ദനങ്ങള്‍!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല