സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്. സച്ചിന്റെ ഓഹരികള്‍ മറ്റ് ഓഹരി ഉടമകള്‍ വാങ്ങിയതായി ടീം മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. സച്ചിന്റെ ഓഹരികള്‍ പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.
2014ല്‍ ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ സഹ ഉടമ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധമാണ് സച്ചിന്‍ അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിന്‍ നേരത്തേ 20 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നു. ശേഷിച്ചിരുന്ന 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റ് ഉടമകളായ ഐക്വസ്റ്റ് ഗ്രൂപ്പ്, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുത്തതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചു.
സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്, സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. സച്ചിന്റെ പിന്തുണയ്ക്കും സംഭാവനകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു. സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സച്ചിന്റെ ഓഹരികള്‍ ലുലു ഗ്രൂപ്പ് വാങ്ങിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല