സ്വന്തം ലേഖകന്‍: ‘അങ്ങനെ ആദ്യമായി ആ പെണ്‍കുട്ടികള്‍ എന്റെ താടി ഷേവ് ചെയ്തു,’ അഭിമാനത്തോടെ അനുഭവം പങ്കുവച്ച് സച്ചിന്‍. അച്ഛന്റെ ബാര്‍ബര്‍ ഷോപ്പിലെ റേസര്‍ ബ്ലേഡ് എടുത്തവരാണ് ഉത്തര്‍ പ്രദേശിലെ ബന്‍വാരി ടോലയിലെ സഹോദരിമാരായ ജ്യോതിയും നേഹയും. സ്‌കൂളില്‍ പോകുന്നത് മുടക്കാതെയായിരുന്നു ഇരുവരും ബാര്‍ബര്‍ ഷോപ്പിലെ പണിയെടുത്തത്.
അവിടെ ഷേവ് ചെയ്യാന്‍ എത്തിയിരുന്നതാകട്ടെ പുരുഷന്‍മാരും. അവര്‍ക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ ജ്യോതിയും നേഹയും പുരുഷന്‍മാരെപ്പോലെ വസ്ത്രം ധരിച്ചു. ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ആദ്യം ഇതിനോട് എതിര്‍പ്പായിരുന്നു. എന്നാല്‍ പതുക്കെ അതുമാറി. ഇതോടെ സ്ത്രീ ശാക്തീകരണത്തിന്റെ ‘പോസ്റ്റര്‍ ഗേള്‍സ്’ ആയി ജ്യോതിയും നേഹയും.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇരുവര്‍ക്കും പിന്തുണയുമായെത്തി. ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിന്റെ പിന്തുണ. ഇതിന്റെ ചിത്രം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ആ ചിത്രത്തോടൊപ്പം സച്ചിന്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. അത് ഇങ്ങനെയാണ്.
‘എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. നിങ്ങള്‍ക്ക് ഒരുപക്ഷേ ഇതിനെ കുറിച്ച് അറിവുണ്ടാകില്ല. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാല്‍ ആ റെക്കോഡ് ഇന്ന് തകര്‍ന്നു. ഈ ‘ബാര്‍ബര്‍ ഷോപ്പ് ഗേള്‍സി’നെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നു.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല