സ്വന്തം ലേഖകന്‍: ‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഹൈദരാബാദിലാണ് ബൈക്ക് യാത്രികര്‍ക്ക് റോഡ് സുരക്ഷാ സന്ദേശം നല്‍കിയത്. സച്ചിന്‍ തന്നെ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന സച്ചിന്‍ ട്രാഫിക് പോയിന്റില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച രണ്ടുപേരോട് ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കുന്നതാണു വിഡിയോയിലുള്ളത്. സച്ചിനെ കണ്ട് അമ്പരന്ന യുവാക്കളിലൊരാള്‍ ഫോണെടുത്ത് സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കുമെന്ന് വാഗ്ദാനം നല്‍കാനായിരുന്നു താരത്തിന്റെ നിര്‍ദേശം.
ഇനി ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കില്ലെന്ന് യുവാക്കളോട് സത്യം ചെയ്യിക്കുകയും ചെയ്തു സച്ചിന്‍. യുവാക്കളുടെ പിന്നില്‍ ബൈക്കില്‍ യാത്ര ചെയ്ത് ദമ്പതികളും സച്ചിനെ കണ്ടപ്പോള്‍ കൈ കാണിച്ചു. അവരോടും സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് വിളിച്ചു പറയുന്നതായും വീഡിയോയിലുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈദരാബാദില്‍ എത്തിയതായിരുന്നു സച്ചിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല