ഏകദിനക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകവും കുറ്റമറ്റതുമാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിര്‍ദേശം. സച്ചിന്റെ ആശയം കത്തുരൂപേണ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍(ഐസിസി) സിഇഒ ഹാരൂണ്‍ ലോര്‍ഗറ്റിനെ അറിയിച്ചുകഴിഞ്ഞു. ഏകദിന ക്രിക്കറ്റും ടെസ്റ്റുപോലെ ഓരോ ടീമിനും രണ്ട് ഇന്നിംഗ്്സ് വീതമാക്കിയാല്‍ നന്നാകുമെന്നാണ് സച്ചിന്റെ നിര്‍ദേശം.
മുമ്പും ഈ ആശയം മുന്നോട്ടുവച്ചിട്ടുള്ള സച്ചിന്‍ ആദ്യമായാണ് ഇതുസംബന്ധിച്ച് ഐസിസിക്ക് കത്തെഴുതുന്നത്.ഈ ആശയത്തിന് ക്രിക്കറ്റ് പണ്ഡിതരില്‍നിന്നും ആരാധകരില്‍നിന്നും വര്‍ധിച്ചതോതിലുള്ള പിന്തുണ ഉണ്ടായതിനെത്തുടര്‍ന്നാണ് കത്തെഴുതാന്‍ സച്ചിനെ പ്രേരിപ്പിച്ചത്. 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിംഗ്സ് മാറിമാറി രണ്ടുടീമും ചെയ്താല്‍ കാലാവസ്ഥ ഏതെങ്കിലും ടീമിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. 50-50 ഓവര്‍ കളിക്കുന്ന ഇപ്പോഴത്തെ രൂപത്തില്‍ പലപ്പോഴും ടോസ് ലഭിക്കുന്ന ടീമിന് ആനുകൂല്യം ലഭിക്കാറുണ്ട്.
പിച്ചിലെ ഈര്‍പ്പവും കാറ്റിന്റെ ഗതിയുമൊക്കെ വിജയസാധ്യതകളെ ബാധിക്കും. എന്നാല്‍, 25 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്സുകളായാല്‍ ഇത്തരത്തില്‍ ഏതെങ്കിലും ടീമിനെ മാത്രം കാലാവസ്ഥാ മാറ്റം പ്രതികൂലമായോ അനുകൂലമായോ ബാധിക്കില്ല. ആദ്യ 25 ഓവറില്‍ രണ്ടു പവര്‍പ്ളേ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ഓരോ ബൌളര്‍ക്കും ചെയ്യാവുന്ന പരമാവധി ഓവര്‍ 10ല്‍നിന്ന് 12 ആക്കാമെന്നും സച്ചിന്‍ കത്തില്‍ പറയുന്നു. കാലാവസ്ഥയോ മറ്റു സാഹചര്യങ്ങളോ യഥാര്‍ഥത്തില്‍ വിജയിക്കുമായിരുന്ന ടീമിന്റെ സാധ്യതയെ ഇല്ലാതാക്കിയ നിരവധി ഉദാഹരണങ്ങളും സച്ചിന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വളരെക്കാലം മുമ്പാണ് ഈ നിര്‍ദേശം സച്ചിന്‍ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ മുന്നോട്ടുവച്ചത്. ഇതേത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പ്രാദേശിക ടൂര്‍ണമെന്റായ റിയോബി കപ്പില്‍ ഈ ആശയം ഫലപ്രദമായി നടപ്പിലാക്കിയിരുന്നു. അവിടെ 25, 25, 20, 20 എന്നിങ്ങനെ 45 ഓവര്‍ വീതമാണ് ഓരോ ടീമിനും നല്‍കിയിരുന്നത്. മത്സരം കൂടുതല്‍ ആവേശകരവും ജനപ്രീതിയാര്‍ജിച്ചതുമായിരുന്നെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത സച്ചിന്റെ ഈ ആശയം ഐസിസി അംഗീകരിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല