സ്വന്തം ലേഖകന്‍: പേര് സദ്ദാം ഹുസൈന്‍, റാങ്കുകാരനുമാണ്, പക്ഷെ ജോലിയില്ല, പേരു മാറ്റാന്‍ സദ്ദാം ഹുസൈന്‍ കോടതിയില്‍. മുത്തച്ഛന്‍ ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് സ്‌നേഹത്തോടെ വിളിച്ച പേര് ജീവിതത്തിലെ ഏറ്റവും വലിയ പണിയാകുമെന്ന് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്നുമുളള മറൈന്‍ എന്‍ജിനീയര്‍ സദ്ദാം ഹുസൈന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മറൈന്‍ എഞ്ചിനിയറിംഗ് രണ്ടാം റാങ്കോടെ പാസ്സായ പുറത്തിറങ്ങിയപ്പോഴാണ് സ്വന്തം പേര് വില്ലനായത്.
മികച്ച വിജയം നേടി പാസ്സായിട്ടും സദ്ദാമിന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആരും ജോലി നല്‍കിയില്ല. ഏകദേശം 40 ലേറെ കമ്പനികള്‍ അദ്ദേഹത്തിന്റെ അപേക്ഷകള്‍ നിരസിച്ചു. സദ്ദാമിന്റെ സൂഹൃത്തുക്കളെല്ലാം ലോകത്തിലെ വിവിധയിടങ്ങളില്‍ ജോലി നേടി സുരക്ഷിതരായപ്പോള്‍ ബാച്ചിലെ രണ്ടാം റാങ്കുകാരന്‍ ഇപ്പോഴും ജോലി തേടി അലയുകയാണ്.
അമേരിക്ക തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ പേരുള്ള ഒരാളെ കമ്പനിയില്‍ എടുക്കാന്‍ ആരും തയ്യാറാകാത്തതാണ് കാരണം. ഷാരുഖ് ഖാനെ പോലുള്ളവരെ പോലും വിവിധ രാജ്യങ്ങളില്‍ തടയുമ്പോള്‍ താങ്കളെ എങ്ങനെ ജോലിക്കെടുക്കുമെന്നാണ് എല്ലാവരുടേയും ചോദ്യം. മറൈന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടി വരുമെന്നതിനാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ചില കമ്പനികള്‍ തുറന്നു പറഞ്ഞു.
ആദ്യമൊന്നും തന്റെ അപേക്ഷകള്‍ തള്ളുന്നതിന്റെ കാരണം തിരക്കാതെ പോയ സദ്ദാം, പിന്നീട് കമ്പനികളിലെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടപ്പോളാണ് പേരാണ് പ്രശ്‌നം എന്ന് മനസ്സിലായത്. ഇത്തരം പേരുള്ള ഒരാള്‍ക്ക് ജോലി നല്‍കിയാല്‍ പ്രായോഗികമായി ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു കമ്പനികളുടെ വിശദീകരണം. മറൈന്‍ എന്‍ജിനീയര്‍ ആയതുകൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഈ പേര് കാരണം തഴയപ്പെടേണ്ട സാഹചര്യം ഉണ്ടാകുമെന്നായിരുന്നു കമ്പനികളുടെ നിലപാട്.
ഒടുവില്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഔദ്യോഗിക രേഖകളിലെല്ലാം സാജിദ് എന്ന് പേരുമാറ്റിയ സദ്ദാമിന് സെക്കന്ററി സര്‍ട്ടിഫിക്കറ്റില്‍ മാത്രം പേര് തിരുത്തി നല്‍കാന്‍ സിബിഎസ്ഇ അധികൃതര്‍ തയ്യാറായില്ല. രേഖകളില്‍ വ്യത്യസ്തമായ പേരുള്ള സദ്ദാം എന്ന സാജിദ് സിബിഎസ്ഇയോട് തന്റെ പേര് തിരുത്തി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇത്തരം കേസുകളുമായി നിരവധി ആളുകള്‍ കോടതിയെ സമീപിക്കാറുണ്ടെന്നും വിശദമായി പഠിച്ചതിന് ശേഷമെ തീരുമാനമെടുക്കൂ എന്ന തണുപ്പന്‍ നിലപാടിലാണ് കോടതി. ഇറാക്കിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കന്‍ സഖ്യസേന അധികാരത്തില്‍ നിന്നു പുറത്താക്കിയതും പിന്നീട് തൂക്കിക്കൊന്നതുമൊക്കെ ചരിത്രമായപ്പോള്‍ അനുകൂല വിധിവരുന്നതും കാത്ത് ആകാംക്ഷയോടെ കാത്തിരിപ്പാണ് സദ്ദാം ഹുസൈനെന്ന സാജിദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല