സ്വന്തം ലേഖകന്‍: ലണ്ടന്റെ പുതിയ മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ച് ആരാധന നടത്തി, ചിത്രങ്ങള്‍ തരംഗമാകുന്നു. ക്ഷേത്രത്തിനകത്ത് വിശ്വാസികളുമായി സംവദിക്കുകയും ക്ഷേത്രാചാരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഹിന്ദു പുരോഹിതന്‍ അദ്ദേഹത്തിന്റെ കൈയില്‍ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.
സ്വാമി നാരായണ്‍ ക്ഷേത്രം ലണ്ടനിലെ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് , അത് വീണ്ടും സന്ദര്‍ശിക്കാന്‍ സാധിച്ചതിലൂടെ ഈ വാരാന്ത്യം മികച്ചതായിരിക്കുന്നു അദ്ദേഹം വ്യക്തമാക്കി. മേയറെന്ന നിലയില്‍ ലണ്ടനിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്റെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനും മുസ്ലീം വംശജനുമായ മേയറാണ് നാല്‍പത്തഞ്ചുകാരനായ ഖാന്‍. ലേബര്‍ പാര്‍ട്ടി നേതാവായ സാദിഖ് ഖാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ (ടോറി) സാക് ഗോള്‍ഡ് സ്മിത്തിനെ തോല്‍പിച്ചാണ് ചരിത്രം കുറിച്ചത്. ഇതോടെ എട്ടു വര്‍ഷത്തിലേറെയായി ലണ്ടനില്‍ തുടര്‍ന്നുവന്ന ടോറി ഭരണത്തിന് അന്ത്യമായിരുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബോറീസ് ജോണ്‍സണായിരുന്നു എട്ടുവര്‍ഷമായി ലണ്ടന്‍ മേയര്‍.
ഇന്ത്യാ പാക് വിഭജനത്തെത്തുടര്‍ന്ന് 1947ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ് സാദിഖ് ഖാന്റെ മുത്തച്ഛനും കുടുംബവും. പിന്നീട് ഖാന്റെ മാതാപിതാക്കള്‍ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. ഇവര്‍ ബ്രിട്ടണില്‍ എത്തിയശേഷമായിരുന്നു സാദിഖിന്റെ ജനനം. സൗത്ത് ലണ്ടനില്‍ ജനിച്ച സാദിഖ് നോര്‍ത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും നിയമ ബിരുദം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല