സ്വന്തം ലേഖകൻ: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പുതിയ 24 മില്യന്‍ പൗണ്ട് പദ്ധതിയുടെ ഭാഗമായി ലണ്ടനിലെ ട്യുബ്- ട്രെയിന്‍ നിരക്കുകള്‍ വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ കുറയ്ക്കാന്‍ സാധ്യത എന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാരാന്ത്യത്തില്‍ യാത്രാ നിരക്കില്‍ ഇളവുകള്‍ നല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നടപടി. മൂന്ന് മാസത്തേക്ക് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനോട് ആവശ്യപ്പെട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് നടപ്പിലാക്കുവാന്‍ റെയില്‍ ഇന്‍ഡസ്ട്രിയുടെ വ്യാപകമായ പിന്തുണ ആവശ്യമാണ്. നിലവില്‍ ലണ്ടനിലെ ട്യുബിലും മെയിന്‍ലൈന്‍ റെയില്‍ സര്‍വീസിലും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9.30 വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും പീക്ക് ചാര്‍ജ്ജാണ് ഈടാക്കുന്നത്. അതായത്, ട്യുബില്‍ സോണ്‍ 6 ല്‍ നിന്നും സെന്‍ട്രല്‍ ലണ്ടനിലെ സോണ്‍ 1 ലേക്ക് പീക്ക് അവറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു യാത്രക്ക് 5.60 പൗണ്ട് ചെലവാക്കേണ്ടതായി വരും.
പുതിയ പദ്ധതിക്ക് കീഴില്‍ വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ഇത് 2 പൗണ്ട് മുതല്‍ 3.60 പൗണ്ട് വരെ ആയി കുറയും. ഫ്രൈഡേ ട്രയല്‍ എന്ന ഈ പദ്ധതിക്കായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ ബജറ്റില്‍ നിന്നും 24 മില്യന്‍ പൗണ്ട് നീക്കിവയ്ക്കാനാണ് മേയര്‍ സാദിഖ് ഖാന്‍ ഉദ്ദേശിക്കുന്നത്. ട്രാഫിക് ഫോര്‍ ലണ്ടന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇടദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം കോവിഡ് പൂര്‍വ്വകാലത്ത് ഉണ്ടായിരുന്നതിന്റെ 85 ശതമാനം വരെ ആയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ഇത് 73 ശതമാനം മാത്രമേയുള്ളു.
വെള്ളിയാഴ്ച്ച നിരക്ക് കുറക്കുന്നതിനാല്‍, വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മിച്ചം വരുന്ന തുക ഉച്ച ഭക്ഷണത്തിനും, ജോലി കഴിഞ്ഞുള്ളമദ്യപാനത്തിനും മറ്റു വിനോദങ്ങള്‍ക്കുമായി അതിഥി സത്ക്കാര മേഖലയില്‍ ചെലവഴിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ലണ്ടന്‍ ഉണര്‍ന്നെങ്കിലും, വെള്ളിയാഴ്ച്ചകളിലെ യാത്രക്കാരുടെ കുറവ് ഒരു ന്യുനത തന്നെയാണെന്ന് സാദിഖ് ഖാന്‍ പറയുന്നു. ഇത് ഷോപ്പുകള്‍, ക്ഫേകള്‍, സാംസ്‌കാരിക ഇടങ്ങള്‍ എന്നിവയേയും ബാധിച്ചിട്ടുണ്ട്.
കോവിഡാനന്തര കാലത്ത് മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ വെള്ളിയാഴ്ച്ച ദിവസം കനത്ത നഷ്ടം വരുത്തുന്നു എന്ന് യു കെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യുട്ടീവ് കെയ്റ്റ് നിക്കോള്‍സ് പറയുന്നു. നൂതനമായ ആശയങ്ങളുമായി യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് തീര്‍ച്ചയായും ഹോസ്പിറ്റാലിറ്റി മേഖലയേയും സഹായിക്കും എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ടി എഫ് എല്‍ നിരക്കുകളില്‍ വര്‍ദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഒരു ആഴ്ച്ചക്ക് ശേഷമാണ് ഇപ്പോള്‍ ഫ്രൈഡെ ട്രയല്‍ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല