സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പരുക്കുകളില്‍ നിന്ന് രക്ഷനേടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് മേയര്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോയാല്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാവുന്ന ആഘാതങ്ങളെ നേരിടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.
യൂനിയനില്‍നിന്നും പുറത്തുപോകണമെന്ന് യുകെയിലെ മറ്റു മേഖലകളെല്ലാം വിധിയെഴുതിയപ്പോള്‍ ലണ്ടന്‍ നഗരം മാത്രമാണ് അതിന് എതിരുനിന്നത്. തലസ്ഥാന നഗരത്തിന് ഉടന്‍ കൂടുതല്‍ അധികാരം നല്‍കണമെന്ന് സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. നികുതി വര്‍ധിപ്പിക്കല്‍, വ്യാപാരം, ഗതാഗതം, പുനരധിവാസവും ആസൂത്രണവും, ആരോഗ്യം, സുരക്ഷാപാലനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നാണ് മേയറുടെ ആവശ്യം.
യുകെയുടെ അന്താരാഷ്ട്ര വിദേശനാണയ കൈമാറ്റത്തിന്റെ 41 ശതമാനവും ലണ്ടന്‍ നഗരത്തിലാണ് നടക്കുന്നത്.ബ്രെക്‌സിറ്റിന് പിന്നാലെ, നഗരത്തിന് സ്വതന്ത്ര നഗരപദവി വേണമെന്നാവശ്യപ്പെട്ട് തയാറാക്കിയ ഓണ്‍ലൈന്‍ ഹരജിയില്‍ 1.75 ലക്ഷം പേര്‍ ഒപ്പുവെച്ചിരുന്നു. ബ്രെക്‌സിറ്റ് ഫലത്തിനു ശേഷം സ്‌കോട്ട്‌ലന്റ് ഉള്‍പ്പെടയുള്ള മേഖലകളില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടുന്ന കാമറണ്‍ സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് സാദിഖ് ഖാന്റെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല