സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്. 86 വയസ്സായിരുന്നു. തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനായിരുന്നു ജാഫ്രി. ഞായറാഴ്ച ജാഫ്രി മരിച്ച വിവരം മരുമകള്‍ ഷാഹീന്‍ അഗര്‍വാള്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. .
ഒരുപാട് ഇംഗ്ലീഷ് ഹിന്ദി സിനിമകളില്‍ ജാഫ്രി അഭിനയിച്ചിട്ടുണ്ട്. ദില്‍, കിഷന്‍ കന്‍ഹാനിയ, ഘര്‍ ഹോ തോ ഐസ, രാജാ കി ആയേഗി ബാരത്, ദീവാന മസ്താന തുടങ്ങിയവയാണ് ബോളിവുഡിലെ പ്രധാന ചിത്രങ്ങള്‍. ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജാഫ്രി. 1929 ജനുവരി എട്ടാം തീയതി പഞ്ചാബിലായിരുന്നു ജനനം.
1958 ല്‍ മധുര്‍ ജാഫ്രിയെ വിവാഹം കഴിച്ചെങ്കിലും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പിരിഞ്ഞു. 1980 ല്‍ ജെന്നിഫര്‍ ജാഫ്രിയെ വിവാഹം ചെയ്തു. ആദ്യവിവാഹത്തിലുള്ള സക്കീന ജാഫ്രി, സിയ ജാഫ്രി, മീര ജാഫ്രി എന്നിവരാണ് മക്കള്‍. പഞ്ചാബിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച ജാഫ്രി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ട്.
മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അടക്കം ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. സയിദ് ജാഫ്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല