സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്.
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ഗെയിംസ് നടക്കുക. 70 കോടി രൂപയാണ് ഗെയിംസ് നടത്തിപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്. 22 കായിക ഇനങ്ങളിലായി 12 ദിവസമാണ് മല്‍സരം നടക്കുക. മല്‍സരങ്ങളുടെ വേദികള്‍ തിരുവനന്തപുരത്തായിരിക്കും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയുടെ പന്ത്രണ്ടാം പതിപ്പാണ് കേരളത്തില്‍ നടക്കുക. 2010 ല്‍ ധാക്കയിലാണു പതിനൊന്നാം ഗെയിംസ് നടന്നത്. പന്ത്രണ്ടാം ഗെയിംസ് വേദിയായി ഇന്ത്യയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ കോമണ്‍വെല്‍ത്ത് അഴിമതിയടക്കമുള്ള കാര്യങ്ങള്‍ വന്നതോടെ വേദി തീരുമാനം ഇഴയുകയായിരുന്നു.
ഇതിനിടെ ദേശീയ ഗെയിംസ് കേരളത്തില്‍ വരുകയും മികച്ച പ്രവര്‍ത്തനം കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തതോടെ കേരളത്തോട് മല്‍സരം നടത്താമോ എന്ന് ഒളിംപിക് അസോസിയേഷന്‍ ആരായുകയായിരുന്നു. ഒളിംപിക് ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ച സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലി ദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല