1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

സ്വന്തം ലേഖകന്‍: കുട്ടിക്കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി, നടപടി അന്താരാഷ്ട്ര സമ്മര്‍ത്തിന് വഴങ്ങാതെ. 2004 ല്‍ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയായ ശഫാഖത്ത് ഹുസൈനെയാണ് പാക്കിസ്ഥാന്‍ തൂക്കിക്കൊന്നത്. കൊല നടത്തിയെന്ന് പറയപ്പെടുന്ന സമയത്ത് ശഫാഖത്ത് ഹുസൈന് 15 വയസ്സായിരുന്നു പ്രായം.

അതിനാല്‍ ജുവനൈല്‍ നിയമത്തിന്റെ പരിധിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നതെന്നും കൊലപാതകം നടത്തിയതായി സമ്മതിക്കാന്‍ പീഡനം ഏല്‍പ്പിച്ചതായും ശഫാഖത്ത് ഹുസൈന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെ വാദം ഈ സമയത്ത് ഇദ്ദേഹത്തിന് 23 വയസ്സാണെന്നാണ്.

രാജ്യത്തിനകത്തുനിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഈ വധശിക്ഷ നടപ്പാക്കരുതെന്ന് ശക്തമായ ആവശ്യം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം ജയില്‍ ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശരിയായ രീതിയിലല്ല വധശിക്ഷ നടപ്പാക്കിയതെന്നും ആരോപണമുണ്ട്.

കഴുത്തില്‍ മുറിഞ്ഞ പാടുണ്ടെന്നും ശിരസ്സ് കഴുത്തില്‍ നിന്ന് പകുതിഭാഗം വേര്‍പ്പെട്ട നിലയിലാണ് മൃതദേഹമെന്നും ബന്ധുക്കള്‍ പറയുന്നു. തന്റെ മകന്‍ നിരപരാധിയായിരുന്നുവെന്നും ദൈവത്തിന്റെ കോടതിയില്‍ അവന്റെ നിരപരാധിത്വം വ്യക്തമാകുമെന്നും ശഫാഖത്തിന്റെ പിതാവ് പ്രതികരിച്ചു. തങ്ങള്‍ പാവപ്പെട്ടവരായത് കൊണ്ട് മാത്രമാണ് അവര്‍ തന്റെ മകനെ തൂക്കിലേറ്റിയതെന്ന് മാതാവും കുറ്റപ്പെടുത്തി.

സ്‌കൂള്‍ രേഖകളനുസരിച്ച് 2004 ല്‍ ഇദ്ദേഹത്തിന്റെ വയസ്സ് 17 ആയിരുന്നുവെന്ന് ശഫാഖത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ കൊലപ്പെടുത്തി എന്ന് സമ്മതിപ്പിക്കാന്‍ സിഗററ്റ് കൊണ്ട് പൊള്ളിപ്പിച്ചിരുന്നതായും നഖങ്ങള്‍ പിഴുതെടുത്തിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്യുന്ന സമയത്ത് 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നല്‍കാന്‍ പാകിസ്താനിലെ നിയമം അനുവദിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.