സ്വന്തം ലേഖകന്‍: സാഫ് ഫുട്‌ബോളില്‍ ഇന്ത്യ രാജാക്കന്മാര്‍, ഫൈനലില്‍ അഫ്ഗാനിസ്ഥാനെ കെട്ടികെട്ടിച്ചു. തിരുവനന്തപുരത്ത് ഗാലറികളുടെ പിന്തുണക്കൊപ്പം ഇന്ത്യന്‍ കളിക്കാര്‍ നിറഞ്ഞാടിയപ്പോള്‍ നീലത്തിരമാലക്കു മുന്നില്‍ അഫ്ഗാന്‍ കളിക്കാര്‍ കളി മറന്നു.
കിരീടം നിലനിര്‍ത്താന്‍ എത്തിയ അഫ്ഗാനിസ്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സുനില്‍ ഛേത്രിയും സംഘവും ദക്ഷിണേഷ്യന്‍ ഫുട്ബാളിലെ രാജാക്കന്മാര്‍ ഇന്ത്യതന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റെ തന്ത്രങ്ങളുടെ കൂടി വിജയമായിരുന്നു കളിക്കളത്തില്‍ കണ്ടത്. അന്താരാഷ്ട്ര മത്സരത്തിലെ 50 മത്തെ ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിനെ മുന്നില്‍നിന്ന് നയിച്ചു.
സെമിയില്‍ മാലദ്വീപിനെതിരെ കളിച്ച ഇലവനില്‍ മാറ്റംവരുത്താതെ കളത്തിലിറങ്ങിയ ആതിഥേയര്‍, പിന്തുണക്കാന്‍ ഗാലറികളില്‍ നിറഞ്ഞ കാണികളുടെ പ്രതീക്ഷക്കൊത്താണ് കളിച്ചത്. കളിയുടെ ഒഴുക്കിനെതിരെ അഫ്ഗാനാണ് ആദ്യ ഗോള്‍ നേടിയത്. മൈതാനത്തിന്റെ ഇടതു ഭാഗത്തുനിന്ന് ഫൈസല്‍ ഷെയ്‌സ്‌തെ നല്‍കിയ പാസ് ഡിഫന്‍ഡര്‍മാര്‍ ഒഴിഞ്ഞുനിന്ന ബോക്‌സില്‍ കിട്ടിയ സുബൈറിന് ഗോളാക്കിമാറ്റാന്‍ ഏറെ ആയാസപ്പെടേണ്ടിവന്നില്ല.
അപ്രതീക്ഷിത ഗോളിന് ആതിഥേയര്‍ തൊട്ടുപിന്നാലെ മറുപടിയും നല്‍കി. ഛേത്രിയുടെ ഹെഡര്‍ ജെജെയുടെ കാലുകളിലേക്കായിരുന്നു. അണുവിട പിഴക്കാതെ ജെജെ വലംകാലുകൊണ്ടു പന്ത് വലയിലേക്ക് കോരിയിട്ടപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അധിക സമയത്തിലും ഊര്‍ജം ചോരാതെ കളിച്ച ഇന്ത്യ 101 മത്തെ മിനിറ്റില്‍ വിജയ ഗോള്‍ നേടി.
ഒരിക്കല്‍ക്കൂടി നര്‍സാരി കൊണ്ടു വന്നു നല്‍കിയ പന്ത് അഫ്ഗാന്‍ ബോക്‌സില്‍ ലഭിച്ച ഛേത്രി ഡിഫന്‍ഡര്‍മാരുടെ ആശയക്കുഴപ്പം മുതലെടുത്ത് വലക്കകത്താക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല