സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും, നവയുഗം സാംസ്‌കാരിക വേദി ഭാരവാഹികളില്‍ ഒരാളുമായ സഖാവ് സഫിയ അജിത് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി കൊച്ചിയില്‍ ചികിത്സയില്‍ ആയിരുന്നു.
പ്രവാസലോകത്തെ ഏറ്റവും സജീവയായ സാമൂഹിക പ്രവര്‍ത്തകയായിരുന്നു സഖാവ് സഫിയ അജിത്ത്. സാഹചര്യത്തിന്റെ ചതി കുഴികളില്‍ പെട്ട, നൂറുകണക്കിന് മനുഷ്യര്‍ക്ക്, സൌദിയിലെ ജയിലുകളില്‍ നിന്നും നാട്ടിലേയ്ക്കുള്ള രക്ഷാമാര്‍ഗ്ഗം തുറന്നു കൊടുത്ത സഫിയ അജിത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്ത് എന്നും വഴികാട്ടിയായിരുന്നു..
സൌദി പോലൊരു യാഥാസ്ഥിതിക രാജ്യത്ത്, ഒരു സ്ത്രീ നിര്‍ഭയം പൊതുരംഗത്ത് നിറഞ്ഞു നില്കുന്നത് പലര്‍ക്കും ആശ്ചര്യകരമായി തോന്നാം.. പക്ഷെ, സഫിയ അജിത് എന്ന മനുഷ്യ സ്‌നേഹിയെ അറിയാവുന്നവര്‍ക്ക് അതില്‍ അത്ഭുതം തോന്നില്ല. മനസ്സില്‍ നന്മ സൂക്ഷിയ്ക്കുന്നവര്‍ക്ക് മറ്റുള്ളവരെ സഹായിയ്ക്കാന്‍ ഒരു പ്രതികൂല സാഹചര്യവും പ്രതിബന്ധമല്ല എന്ന സത്യം സഫിയ സ്വന്തം ജീവിതം വഴി തെളിയിച്ചു.
പ്രവാസ സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ നേടിയെടുത്ത സഫിയയെ തേടി ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും വന്നു ചേര്‍ന്നിട്ടുണ്ട്. പക്ഷെ, അവര്‍ രക്ഷിച്ച അനേകം പ്രവാസികളുടെ സ്‌നേഹത്തെക്കാള്‍ വലിയതൊന്നും അവര്‍ കൊതിച്ചിരുന്നില്ല.
കുറെ ഏറെ കാലമായി ക്യാന്‍സറുമായി കൂടി യുദ്ധം ചെയ്യുകയായിരുന്നു അവര്‍ . ചികില്‍സകളൂടെ ഇടവേളകളിലും സാമൂഹിക പ്രവര്‍ത്തനത്തിന്റെ കര്‍മ്മ കാണ്ഡത്തില്‍ നിന്നും അവര്‍ ഊര്‍ജ്ജം നേടി.
ഒടുവില്‍ മൃത്യു തന്നെ വിജേതാവിന്റെ കൊടിപ്പടം ഉയര്‍ത്തിയിരിക്കുന്നു.
എങ്കിലും തളര്‍ന്ന് പോകാത്ത കമ്മ്യൂണിസ്റ്റ് വീര്യത്തിന്റെ , ഉദാത്തമായ സാമൂഹിക ബോധത്തിന്റെ ഒരു വലിയ ചരിത്രം അവശേഷിപ്പിച്ചിട്ടാണ് അവര്‍ കടന്നു പോകുന്നത്. പ്രിയ സഖാവിന് ആദിരാന്ജലികള്‍ …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല