ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന വിശേഷണം ഇനി സൈനാ നെഹ്‌വാളിന്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ സീരിസിലെ തുടര്‍ച്ചയായ വിജയവും റാങ്കിംഗില്‍ സൈനയേക്കാള്‍ മുന്‍പിലുണ്ടായിരുന്ന സ്പാനിഷ് താരം കരോലിന മറിന്‍ പരാജയപ്പെട്ടതുമാണ് സൈനയെ റാങ്കിംഗില്‍ ഒന്നാമത് എത്തിച്ചത്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ് തുടങ്ങുന്നതിന് മുന്‍പ് സൈനയുടെ റാങ്കിംഗ് രണ്ടാമതായിരുന്നു. ചൈനയുടെ ലീ സുവറോയിയായിരന്നു ഒന്നാം സ്ഥാനത്ത്. പരുക്കിന്റെ പിടിയില്‍ അകപ്പെട്ട് കഴിയുന്ന ലീ ഇന്ത്യന്‍ ഓപ്പണില്‍ പങ്കെടുക്കുന്നുമുണ്ടായിരുന്നില്ല. അതോടെ പോയിന്റ് നിലയില്‍ വന്‍കുതിച്ചു ചാട്ടം നടത്തിയ സെയ്‌ന ഒന്നാം റാങ്കിംഗിലേക്ക് സ്വാഭാവികമായും എത്തിപ്പെടുകയായിരുന്നു.
ജപ്പാന്റെ യൂയി ഹാഷിമോട്ടോയെ പരാജയപ്പെടുത്തി സെയ്‌ന ഇപ്പോള്‍ ഇന്ത്യന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നിട്ടുണ്ട്. നാളെയാണ് ഫൈനല്‍ മത്സരം നടക്കുന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജാപ്പനീസ് എതിരാളിയെ തറപ്പറ്റിച്ച് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് സൈന ഫൈനലില്‍ എത്തിയിരിക്കുന്നത്.
ലോക വനിതാ ബാഡ്മിന്റണില്‍ 2010ന് ശേഷം ആദ്യമായിട്ടൊരു ചൈനീസ് ഇതര ഒന്നാം റാങ്കുകാരി എന്ന റെക്കോര്‍ഡും സൈനയ്ക്ക് സ്വന്തമാകും. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അനൗദ്യോഗിക റാങ്കിംഗാണ്. അടുത്ത ആഴ്ച്ചയില്‍ മാത്രമെ ഔദ്യോഗിക റാങ്കിംഗ് പുറത്തു വരികയുള്ളു. അവസനമായി ചൈനക്കാരി അല്ലാത്ത ഒരാള്‍ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ തലപ്പത്ത് എത്തുന്ന ഡെന്‍മാര്‍ക്കില്‍നിന്നുള്ള ടൈന്‍ ബൗണാണ്. 2010ലായിരുന്നു ഇത്. ഇതിന് ശേഷം ഇങ്ങോട് ചൈനയുടെ സമഗ്രാധിപത്യമായിരുന്നു. ഇതിനെ തകര്‍ത്താണ് ഇപ്പോള്‍ ഇന്ത്യന്‍ താരം ഒന്നാമത് എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പുരുഷ താരം പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുമ്പ് ലോക ഒന്നാം നമ്പര്‍ ആയിട്ടുള്ള ബാഡ്മിന്റണ്‍ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല