സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി കുഞ്ഞു മാലാഖ വിടവാങ്ങി. കെന്റിലെ സസെക്‌സില്‍ താമസിക്കുന്ന ബിബിന്‍- അനു ദമ്പതികളുടെ മകള്‍ സെറ മരിയ ബിബിന്‍ (9) ആണ് നാട്ടില്‍ വച്ച് വിടവാങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ഈ പെണ്‍കുട്ടി. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് ഞായറാഴ്ച സെറ മരിയയുടെ മരണവാര്‍ത്ത എത്തിയത്.
സസെക്‌സിലേക്ക് എത്തിയ പുതിയ കുടുംബമാണ് ബിബിന്റേത്. സ്‌കൂള്‍ അവധിയായപ്പോള്‍ മകളേയും കൂട്ടി നാട്ടിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് സെറ മരിയയ്ക്ക് അസഹ്യമായ തലവേദന അനുഭവപ്പെടുന്നത്. തൊട്ടുപിന്നാലെ അബോധാവസ്ഥയിലുമായി.
തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. തലയില്‍ ബ്ലീഡിംഗ് സംഭവിച്ചതായിരുന്നു സെറയ്ക്ക്. ബിബിന്റെയും ഭാര്യയുടെയും ജീവിതത്തില്‍ സന്തോഷം നിറച്ച ആ കൊച്ചു പെണ്‍കുട്ടി തിരിച്ചു വരാനുള്ള പ്രാര്‍ത്ഥനയുമായി പ്രിയപ്പെട്ടവരെല്ലാം കാത്തിരിക്കെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ബിബിന്‍- അനു ദമ്പതികളുടെ ഏക മകളാണ് സെറ. സെറയും കുടുംബവും യുകെയില്‍ എത്തിയിട്ട് മൂന്ന് വര്‍ഷം മാത്രം ആയിട്ടുള്ളു. മാതാവായ അനുവിന് ലീവ് ലഭിക്കാതിരുന്നതിനാല്‍ ബിബിനും സെറയും മാത്രമാണ് നാട്ടിലേക്ക് വന്നിരുന്നത്. ബിബിന്‍ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ്.
സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് നാലു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം പൂത്തൃക്ക സെന്റ് ജെയിംസ് മലങ്കര കാത്തോലിക് പള്ളിയില്‍ നടക്കും. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല