സ്വന്തം ലേഖകന്‍: മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യനാണ് ലഡാക്കില്‍ മരിച്ചത്. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമയ എന്ന പേരില്‍ സുപരിചിതനായിരുന്നു സാജന്‍.
ചിത്രീകരണത്തിനിടെ അതിശൈത്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സാജനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രി താപനിലയിലാണ് സാജന്‍ കുര്യനും സംഘവും ലഡാക്കില്‍ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ബൈബിളിയോയിലെ നായകന്‍. ബൈബിളിയോയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് തണുപ്പ് വില്ലനായെത്തിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് സജീവമായിരുന്നു സാജന്‍. തിരക്കഥ, ഛായാഗ്രഹണം, സംവിധാനം എന്നീ മേഖലകളിലാണ് സാജന്‍ പ്രവര്‍ത്തിച്ചിരുന്നത്.ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങള്‍ സാജന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സ്വന്തം നോവലായ ബൈബിളിയോയുടെ സിനിമാരൂപത്തിന്റെ പണിപ്പുരയിലായിരുന്നു സാജന്‍. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ബൈബിളിയോയില്‍ ജോയ് മാത്യുവും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജോയ് മാത്യു ഷൂട്ടിങ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല