സ്വന്തം ലേഖകൻ: കുടുംബാംഗത്തിന് വീസ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു. 55 ശതമാനത്തിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്.
അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയർത്തും. ബ്രിട്ടനിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടി വരും.
ഈ വർഷം യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുടിയേറ്റം പ്രധാന രാഷ്ട്രീയ വിഷയമാണ്. സുനകിന്റെ പാർട്ടിയായ കൺസർവേറ്റീവ് കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് സർവേകൾ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും കുടിയേറുന്നവർ നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ.
കുടിയേറ്റം വർധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്ന് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി വ്യക്തമാക്കി.
ബ്രിട്ടനിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധിയും കഴിഞ്ഞിടെ ഉയർത്തിയിരുന്നു.
ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു.
വരുമാന പരിധിയിലെ മാറ്റങ്ങൾക്ക് പുറമേ, എൻഎച്ച്എസ് സേവനങ്ങൾക്ക് വിദേശ പൗരന്മാർക്കുള്ള സർചാർജിൽ 66 ശതമാനം വർധനവും, വിദ്യാർഥി വീസകളിൽ കർശനമായ നിയന്ത്രണങ്ങളും യുകെ നടപ്പിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല