അമേരിക്കയില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതയായ ഇന്ത്യന്‍ വംശജയായ വീട്ടുജോലിക്കാരിക്ക് 15 ലക്ഷം അമേരിക്കന്‍ ഡോളര്‍ (7.2 കോടിരൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ കോടതിയുത്തരവ്. ഇവരെ തൊഴില്‍ പീഡനത്തിനിരയാക്കിയ ഇന്ത്യന്‍ വംശജരായ നയതന്ത്രജ്‌ഞയ്‌ക്കും ഭര്‍ത്താവിനുമെതിരേയാണ് കോടതിവിധി. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നു പുറപ്പെടുവിച്ച വിധിന്യായത്തിനെതിരേ ഇതുവരെ എതിര്‍ഹര്‍ജി ഫയല്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇത് അന്തിമവിധിയായി പരിഗണിക്കാമെന്ന് അമേരിക്കന്‍ കോടതി വ്യക്‌തമാക്കിയതോടെയാണ് ശാന്തി ഗുരംഗ് എന്ന വീട്ടുവേലക്കാരിക്കു നഷ്‌ടപരിഹാരം ലഭിക്കാന്‍ കളമൊരുങ്ങിയത്.
ഇന്ത്യന്‍ നയതന്ത്രജ്‌ഞയായ നീന മല്‍ഹോത്രയും ഭര്‍ത്താവ് ജോഗേഷുമാണ് ഗുരംഗിനെ കിരാതമായ പീഡനങ്ങള്‍ക്കിരയാക്കിയത്. വിധി പ്രസ്‌താവനയ്‌ക്കുശേഷം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കേസിലെ കക്ഷികളോട് എതിര്‍ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏഴിനു നിശ്‌ചിത സമയപരിധി അവസാനിച്ചതോടെ വിധി പ്രാബല്യത്തില്‍വരികയായിരുന്നുവെന്ന് ഗുരംഗിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മിച്ചല്‍ കര്‍ലാന്‍ പറഞ്ഞു.
മാന്‍ഹട്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ജീവനക്കാരിയായ മല്‍ഹോത്ര വീട്ടുജോലിക്കായാണ് ഇന്ത്യയില്‍നിന്ന് ഗുരംഗിനെ അമേരിക്കയിലേക്കു കൊണ്ടുവന്നത്. അവിടെയെത്തിയശേഷം പ്രാകൃതമായ പീഡനമുറകള്‍ക്കു വിധേയയാകേണ്ടിവന്നതായാണ് ഗുരംഗിന്റെ പരാതി. തുച്‌ഛമായ വേതനത്തില്‍ വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലിയെടുക്കേണ്ടിവന്ന ഗുരംഗിന് മല്‍ഹോത്രയും ഭര്‍ത്താവും ആവശ്യത്തിനു ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നത്രേ. ഇതിനുപുറമേ വീട്ടില്‍നിന്നു രക്ഷപ്പെടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതായും ഇവര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല