സാല്‍ഫോഡില്‍ നടന്ന വെടിവയ്പ്പില്‍ മരണമടഞ്ഞ ഇന്ത്യക്കാരന്‍ അനുജ് ബിദ് വേ(23)യുടെ അനുസ്മരണം അദ്ദേഹം പഠിച്ചിരുന്ന യൂണിവേര്‍സിറ്റിയില്‍ നടന്നു .ലാന്കാസ്റ്റ്ര്‍ യൂണിവേര്‍സിറ്റി വിദ്യാര്‍ഥിയായിരുന്ന ഇന്ത്യക്കാരന്‍ അനുജ് ബിദ് വേ മാഞ്ചസ്റ്റര്‍ തെരുവില്‍ വച്ച് ബോക്സിംഗ് ഡെയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. അനുജിന്റെ ഇരുന്നൂറോളം സുഹൃത്തുക്കള്‍, അധ്യാപകര്‍, മറ്റു പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലാണ് അനുജ് ഓര്‍മ്മിക്കപ്പെട്ടത്. ലാന്കാസ്ട്ടര്‍ യൂണിവേര്‍സിറ്റിയില്‍ മൈക്രോ ഇലക്ട്രോണിക് ബിരുദാനന്തരബിരുദം പ്രവേശനപരീക്ഷക്ക് പഠിക്കുകയായിരുന്നു അനുജ് .
അനുസ്മരണത്തില്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊ:ബോബ് മകിന്‍ലേ അനുജിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കും എന്നും ഒരു ഓര്‍മ്മപുസ്തകം അവര്‍ക്ക് കൈമാറും എന്നും ഉറപ്പുനല്‍കി. അനുജ് മരിച്ചതിനു ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ആ ഓര്‍മ്മപുസ്തകം. അനുസ്മരണത്തില്‍ അനുജിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സുഹൃത്തുക്കളും കോളേജ് പ്രിന്‍സിപ്പാള്‍ ക്ലൈര്‍ പോവയും അനുജിനെ പറ്റി ഓര്‍മിച്ചു സംസാരിച്ചു. ഹര്‍ഷ ശുക്ല,ഫാ:ജെഫ് പിയേര്സന്‍ എന്നിവര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഡോ:ശിവ് പാണ്ടേ ഇന്ത്യന്‍ ബ്രിട്ടന്‍ അസോസിയേഷന്‍ സെക്രെട്ടറി ,ലാന്കാസ്ട്ടര്‍ യൂണിവേഴ്സിറ്റി വൈസ്‌ചാന്‍സലര്‍ പ്രൊ:മാര്‍ക്ക് ഇ സ്മിത്ത് എന്നിവരും അനുസ്മരണത്തില്‍ പങ്കെടുത്തു.
അനുജിന്റെ മരണത്തില്‍ പ്രതിഷേധിക്കുകയും കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുകയും ചെയ്തതിനു വൈസ് ചാന്‍സലര്‍ സാല്‍ഫോഡ് വാസികള്‍ക്കും പോലീസിനും വിദ്യാര്‍ഥികള്‍ക്കും നന്ദി രേഖപ്പെടുത്തി. പൂനെ യൂണിവേര്‍സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ അനുജ് കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ബ്രിട്ടനില്‍ എത്തിയത്. സിറ്റിയിലേക്ക് കൂട്ടുകാരോടൊപ്പം നടന്നു പോകുന്നതിനിടെയാണ് മറ്റൊരു പ്രകോപനവും കൂടാതെ അനുജിനെ കൊലപാതകി ആക്രമിച്ചത്. സാല്‍ഫോഡ് ഒര്ട്സാല്‍ സ്വദേശിയായ കേയ്രന്‍ സ്ടപ്ലട്ടന്‍ (20) നെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല