സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ ദളിതന് അയിത്തം, ആഞ്ഞടിച്ച് സലിം കുമാര്‍. ദളിതരോടുള്ള വിവേചനം ദളിതന്റെ കഥ പറയുന്ന സിനിമകളോടും ഉണ്ടെന്ന് നടന്‍ സലിം കുമാര്‍ വ്യക്തമാക്കി. ദളിത് ജീവിതം പ്രമേയമാക്കി താന്‍ ഒരുക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്നും സലിം കുമാര്‍ ആരോപിച്ചു.
ദളിതന്റെ കഥപറയുന്ന ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന തന്റെ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന മുന്‍വിധിയെ തുടര്‍ന്നാണ് മാറ്റി നിര്‍ത്തപ്പെടുന്നത്. ഒരു കൂട്ടം വിതരണക്കാരാണ് ഇതിന് പിന്നില്‍. മോഹന്‍ലാലും മമ്മൂട്ടിയും ദളിതന്റെ വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ ചൂണ്ടിക്കാട്ടി.
ഇത് ജാതി വിവേചനമാണ്. മലയാളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത നല്ലൊരു ദളിത് സിനിമയാണ് താന്‍ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്നും അദ്ദേഹം പറഞ്ഞു.
ചില തിയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. ആദിവാസികളും ദളിതരുമായ സഹോദരീ സഹോദരന്മാരെങ്കിലും ചിത്രം കാണണമെന്നാണ് ആഗ്രഹമെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സലിം കുമാര്‍ കറുമ്പന്‍ എന്ന ദളിത് കഥാപാത്രമായി എത്തുന്ന ചിത്രം പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല