സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് അബോധാവസ്ഥയില്‍ ആയിരുന്ന ബ്രിട്ടീഷ് ദമ്പതികളില്‍ ഭര്‍ത്താവിന് ബോധം തിരിച്ചുകിട്ടി. നോവിചോക് രാസായുധ വിഷബാധയേറ്റ് ആശുപത്രിയിലായ ചാര്‍ളി റൗള്‍ ബോധം വീണ്ടെടുത്തായി സോള്‍സ്ബ്രിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം വിഷബാധയേറ്റ ഭാര്യ ഡോണ്‍ സ്റ്റര്‍ജസ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.
ശീതയുദ്ധകാലത്തു സോവിയറ്റ് യൂണിയന്‍ തയാറാക്കിയ ഉഗ്രവിഷവാതകമായ നോവിചോകാണു മരണകാരണമെന്നു സ്ഥിരീകരിച്ചതോടെ റഷ്യയും ബ്രിട്ടനുമായുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായി. റഷ്യന്‍ ആക്രമണമെന്നാണു സംഭവത്തെ ബ്രിട്ടിഷ് പ്രതിരോധമന്ത്രി ഗാവിന്‍ വില്യംസണ്‍ വിശേഷിപ്പിച്ചത്. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നു റഷ്യ ആവര്‍ത്തിച്ചു. സ്റ്റര്‍ജസിന്റെ മരണം കൊലപാതകമായി കണക്കാക്കി സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയില്‍ നിന്നു ബ്രിട്ടനിലേക്കു കൂറുമാറിയ മുന്‍ കെജിബി ചാരന്‍ സെര്‍ജി സ്‌ക്രീപലും മകളും രാസായുധാക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ശേഷം രക്ഷപ്പെട്ടിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തെ തുടര്‍ന്ന് ഇരുവരും ദീര്‍ഘകാലം ആശുപത്രിയിലായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലും റഷ്യയാണെന്നാണ് ആരോപണം. ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പരസ്പരം പുറത്താക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല