സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരെ നടന്ന രാസായുധാക്രമണം ആസൂത്രിതം; അക്രമി സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍. മുന്‍ റഷ്യന്‍ ചാരനായിരുന്ന സ്‌കരിപാലിനും മകള്‍ യൂലിയയ്ക്കുമെതിരെ നടന്നത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞതായി കൗണ്ടര്‍ ടെററിസം പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ച് നാലിന് നടന്ന ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മറ്റ് രണ്ടുപേര്‍ക്ക് കൂടി സാലിസ്ബറിയില്‍ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. വിഷബാധയേറ്റ ഡൗണ്‍ സ്റ്റര്‍ജെസ് എന്ന സ്ത്രീ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ സുഹൃത്ത് ചാര്‍ളി അതീവ ഗുരുതരാവസ്ഥയില്‍ സാലിസ്ബറി എന്‍ എച്ച് എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സാലിസ്ബറി എലിസബത്ത് ഗാര്‍ഡനില്‍ നിന്ന് കിട്ടിയ നോര്‍വിച്ചോക്ക് അടങ്ങിയ പെര്‍ഫ്യൂം ബോട്ടിലില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് സൂചന. അതേസമയം അന്വേഷണം പുരോഗമിക്കവേ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളിലും നിന്നുമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരു യുവതിയുള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കൗണ്ടര്‍ ടെററിസം പോലീസ് അനുമാനിക്കുന്നു.
കിട്ടിയ ദൃശ്യങ്ങളുപയോഗിച്ച് ഫേസ് റിക്കഗ്‌നിഷന്‍ വിദ്യ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം സൂചന നല്‍കി. എന്നാല്‍ കൗണ്ടര്‍ ടെററിസം പോലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതികള്‍ കൃത്യം നടത്തിയ ഉടനെ സംഘം രാജ്യം വിട്ടതായാണ് സൂചന. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. എല്ലാ തെളിവുകളും റഷ്യയ്ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല