സ്വന്തം ലേഖകന്‍: സാലിസ്ബറി രാസായുധാക്രമണത്തിലെ റഷ്യക്കാരായ അക്രമികളെ കണ്ടെത്തിയതായി ബ്രിട്ടീഷ് അന്വേഷകര്‍. മാര്‍ച്ചില്‍ റഷ്യന്‍ മുന്‍ ചാരനും മകള്‍ക്കും നേരെ രാസായുധം പ്രയോഗിച്ച ആക്രമികളെ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നില്‍ റഷ്യക്കാര്‍ തന്നെയാണെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.
സാലിസ്ബറിയില്‍വെച്ച് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നൊവിചോക് എന്ന മാരക വിഷമാണ് പ്രയോഗിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സക്കു ശേഷം ഇരുവരും സുഖംപ്രാപിച്ചിരുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. ആക്രമണത്തില്‍ നിരവധി റഷ്യക്കാര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്.
സാലിസ്ബറിക്കടുത്ത ആംസ്ബുറിയില്‍ സമാനരീതിയില്‍ വീണ്ടും രാസായുധാക്രമണം നടന്നിരുന്നു. വിഷബാധയേറ്റ ദമ്പതികളില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. രണ്ടു സംഭവങ്ങള്‍ക്കും ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആക്രമണം നടന്ന സമയം അതിര്‍ത്തി കടന്ന് ബ്രിട്ടനിലെത്തിയവരുടെ ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല