സ്വന്തം ലേഖകന്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെവിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയാണ് സല്‍മാനെ കുറ്റവിമുക്തനാക്കിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സല്‍മാനെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി പറഞ്ഞു.
1998 ലാണ് കേസിനാസ്പദമായ സംഭവം. എന്നാല്‍, സല്‍മാന്റേത് ലൈസന്‍സുള്ള തോക്കാണെന്നും മൃഗത്തിന്റെ ശരീരത്തില്‍നിന്നു കണ്ടെടുത്തത് അതില്‍നിന്നുള്ള ബുള്ളറ്റായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ 2007 ല്‍ ഒരാഴ്ച ജയിലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നു മൃഗവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
1998 സെപ്റ്റംബര്‍ 26, 27 തീയതികളില്‍ ബവാദ് ജില്ലയില്‍നിന്നും 28, 29 തീയതികളില്‍ ഗോധാ ഫാമില്‍നിന്നും കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ വന്യമൃഗസംരക്ഷ നിയമപ്രകാരം രണ്ടു കേസുകളാണു സല്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിജെഎം കോടതി അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിക്കുകയുമായിരുന്നു.
ഇതിനെതിരേ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ആരംഭിച്ച കേസില്‍ മേയ് 13നാണ് വിചാരണ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച കേസാണെന്നു കണ്ടെത്തി സല്‍മാനെ വെറുതെ വിടുകയാണെന്നു ഹൈക്കോടതി അറിയിച്ചു.
ഹൈക്കോടതിവിധി സല്‍മാനും ബോളിവുഡ് സിനിമാ ലോകവും ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. സല്‍മാന്‍ നായകനായുള്ള പ്രോജക്ടുകള്‍ക്കു കോടികള്‍ മുടക്കിയിരുന്ന നിര്‍മാതാക്കള്‍ക്കും കേസിന്റെ അനുകൂല വിധി ആശ്വാസമായി. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ എന്ന ചിത്രവും വന്‍ വിജയമായതോടെ ബോളിവുഡിന്റെ ഭാഗ്യനായകനായി നില്‍ക്കുകയാണ് സല്‍മാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല