1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

സ്വന്തം ലേഖകന്‍: വാഹനാപകട കേസില്‍ മുംബൈ കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചോടെ വെള്ളത്തിലാവുക ബോളിവുഡിന്റെ 250 കോടിയിലേറെ രൂപ. എന്നാല്‍, 2017 വരെ ഏതാണ്ട് 600 കോടിയുടെ സിനിമകള്‍ക്കാണ് സല്‍മാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം രണ്ട് സിനിമകളാണ് സല്‍മാന്റേതായി പുറത്തിറങ്ങാനുള്ളത്. സൂരജ് ബാര്‍ജത്യ സംവിധാനം ചെയ്യുന്ന പ്രേം രതന്‍ ധന്‍ പായോയും ഏക് ഥാ ടൈഗര്‍ എന്ന സിനിമ സംവിധാനം ചെയ്ത കബീര്‍ ഖാന്റെ അടുത്ത ചിത്രമായ ബജ്‌റംഗി ഭൈജാന്‍ എന്ന സിനിമയുമാണവ. ആദ്യത്തേതില്‍ സോനം കപൂര്‍ നായികയായെത്തുമ്പോള്‍ രണ്ടാമത്തെ ചിത്രത്തില്‍ കരീന കപൂറാണ് നായിക.

എന്നാല്‍ ഈ രണ്ടു ചിത്രങ്ങളുടേയും പ്രചരണ പരിപാടികളും മറ്റും സല്‍മാനെ ശിക്ഷിച്ചതോടെ പ്രതിസന്ധിയിലായി. ഈ വര്‍ഷം മദ്ധ്യത്തോടെ റിലീസ് ചെയ്യാന്‍ പാദ്ധതിയുട്ടാണ് ചിത്രങ്ങള്‍ പുരോഗമിച്ചിരുന്നത്. ഈ രണ്ടു സിനിമകളും കൂടി ഏതാണ്ട് 150 കോടിയുടെ വിലമതിക്കുമെന്നാണ് സൂചന.

ഇവ കൂടാതെ ദബാംഗ് 3,? എന്‍ട്രി മേം നോ എന്‍ട്രി എന്നിവയടക്കം നാലു സിനിമകള്‍ക്ക് കൂടി സല്‍മാന്‍ കരാറൊപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഇവ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സല്‍മാന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി സമയം നേടാമെന്നുള്ള പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

അതേസമയം വാഹനാപകട കേസില്‍ സല്‍മാന് ശിക്ഷ ലഭിക്കുന്നതിനെക്കാള്‍ തങ്ങള്‍ക്ക് പ്രധാനം നഷ്ട പരിഹാരമാണെന്ന് അപകടത്തിന് ഇരയായവര്‍ പറഞ്ഞു. അപകടം നടന്ന് പതിമൂന്ന് വര്‍ഷമായിട്ടും ഒരാള്‍ പോലും തങ്ങളെ സഹായിക്കാന്‍ വന്നില്ലെന്നും അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട അബ്ദുള്ള റൗഫ് ഷേയ്ക്ക് വെളിപ്പെടുത്തി.

ഇത്രയും കാലത്തിനിടയ്ക്ക് ഒരു രൂപയുടെ സഹായം പോലും ആരും നല്‍കിയില്ല. കടുത്ത ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ തന്നെ കുടുംബം പുലര്‍ത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. സല്‍മാനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും, ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും അബ്ദുള്ള വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.