1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2017

സ്വന്തം ലേഖകന്‍: യുദ്ധക്കൊതിയന്മാരെ ഓരോ തോക്കും കൊടുത്ത് അതിര്‍ത്തിയിലേക്ക് അയക്കണമെന്ന് സല്‍മാന്‍ ഖാന്‍, താരം പാക് അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണവുമായി ശിവസേന. ആരാണോ യുദ്ധം ആഗ്രഹിക്കുന്നത് അവരെ ആദ്യം അതിര്‍ത്തിയിലേക്ക് അയച്ച് അവരുടെ യുദ്ധക്കൊതി അവസാനിപ്പിക്കണമെന്നാണ് കശ്മീരില്‍ വര്‍ദ്ധിക്കുന്ന സംഘര്‍ഷാവസ്ഥയെ പരാമര്‍ശിക്കവെ സല്‍മാന്റെ വാക്കുകള്‍. ഇന്ത്യ

ഏതുസമയത്തും യുദ്ധസജ്ജമാണെന്നു കര, വ്യോമ മേധാവികള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള സാഹചര്യത്തില്‍ പാകിസ്താന് അനുകൂലമായാണ് സല്‍മാന്‍ സംസാരിച്ചിരിക്കുന്നതെന്നാരോപിച്ച് നടനെതിരേ ശിവസേനയടക്കമുള്ള പാര്‍ട്ടികളും ഹിന്ദുസംഘടനകളും രംഗത്തെത്തി കഴിഞ്ഞു. നടന്‍ പരിധി ലംഘിച്ചു എന്നാണു ശിവസേനയുടെ ആക്ഷേപം.

ആരാണോ യുദ്ധത്തിന് ആജ്ഞ നല്‍കുന്നത് അവരെ യുദ്ധമുന്നണിയിലേക്ക് അയിച്ചിട്ട് ആദ്യം പോരാടാന്‍ പറയണം. അവരുടെ കൈയുംകാലും വിറയ്ക്കും. യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്യും. അവര്‍ മേശയ്ക്ക് മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ തയ്യാറാകും; തന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ സല്‍മാന്‍ പരിഹസിച്ചു.

യുദ്ധം ഒരു രാജ്യത്തെ മാത്രമല്ല ബാധിക്കുന്നത്. എവിടെ യുദ്ധം ഉണ്ടാകുന്നോ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും ജനങ്ങള്‍ കൊല്ലപ്പെടും.; സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളും സമാധാനവും മാത്രമെ ഇന്ത്യപാക് ബന്ധത്തില്‍ പ്രയോജനം ചെയ്യൂ എന്നും സഹോദരന്‍ സൊഹൈല്‍ ഖാനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സല്‍മാന്‍ പറഞ്ഞു.

എന്നാല്‍ സല്‍മാന്റെ വാക്കുകള്‍ വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദുസംഘടനകളും. എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളാണ് നടന്‍ പറഞ്ഞത്. ആരാണ് സമാധാനം ആഗ്രഹിക്കാത്തത്? അയാള്‍ എന്തുകൊണ്ടാണ് എപ്പോഴും തന്റെ പരിധികള്‍ ലംഘിച്ചുകൊണ്ടിരിക്കുന്നത്? ശിവസേന എംപി അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തുന്നു.

എന്‍സിപിയും സല്‍മാനെതിരേ രംഗത്തു വന്നു. സല്‍മാന്റെ വാക്കുകള്‍ തള്ളിക്കളയുന്നുവെന്നും ഇതെല്ലാം തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പ്രചാരണതന്ത്രമാണെന്നും എന്‍സിപി വക്താവ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സല്‍മാനെ അനുകൂലിക്കുകയാണ്. വിവേകവും പക്വവുമായ വാക്കുകളായിരുന്നു സല്‍മാന്റെതെന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ പറഞ്ഞു.

ചരിത്രത്തിലെ മഹാന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ് യുദ്ധം ഒരു വിവേകപൂര്‍ണമായ കാര്യമല്ലെന്ന് എന്നായിരുന്നു ഈ വിഷയത്തില്‍ സല്‍മാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തുമായ സലിം ഖാന്റെ അഭിപ്രായം. നേരത്തെ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താന്‍ ചലച്ചിത്രതാരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഭീകരരും കലാകാരന്മാരും തമ്മില്‍ വ്യത്യാസമുണ്ടെന്ന സല്‍മാന്റെ പ്രസ്താവനയും വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.