
സ്വന്തം ലേഖകൻ: ലണ്ടനിലെ പെക്കാമിൽ സഹവാസിയായ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി വർക്കല ഇടച്ചിറ സ്വദേശി സൽമാൻ സലിമിന് ജാമ്യമില്ല. കഴിഞ്ഞദിവസം ലണ്ടനിലെ ഓൾഡ് ബെയ്ലി സെൻട്രൽ ക്രിമിനൽ കോർട്ടിൽ ഹാജരാക്കിയ പ്രതിയെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായി.
പ്രതിക്കൊപ്പം പൊലീസ് കൊണ്ടുപോയ മറ്റു മലയാളി യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയശേഷം ഇവരെ നേരത്തെ വിട്ടയച്ചിരുന്നു. ഇവരുടെ സാക്ഷിമൊഴികൾ കേസിൽ നിർണായകമാകും. ഇന്നലെ രാവിലെ 10.30നാണ് വിഡിയോ ലിങ്കിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
ഇത് അംഗീകരിച്ച കോടതി അടുത്ത വർഷം ജൂലൈയിൽ കേസിന്റെ വിചാരണ വരെ പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവായി. കൊല്ലപ്പെട്ട അരവിന്ദിന്റെ ബ്രിട്ടണിലുള്ള സഹോദരനും കോടതി നടപടികൾ വിഡിയോ ലിങ്കിലൂടെ കാണാൻ പോലീസ് അവസരം ഒരുക്കിയിരുന്നു.
നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ വ്യക്തമായാതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തന്റെ മാനസിക നില ശരിയല്ലെന്നും തന്നെക്കൊണ്ട് ആരോ ചെയ്യിപ്പിച്ചതാണ് ഇതെല്ലാമെന്നുമാണ് പ്രതിയുടെ മൊഴി. ഏതോ ബാഹ്യശക്തി തന്നെ നിയന്ത്രിക്കുന്നതായാണ് തോന്നുതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. മനോരോഗിയായി ചമഞ്ഞ് കേസിൽനിന്നും രക്ഷപെടാനുള്ള തന്ത്രമാണോ എന്ന സംശയത്തിലാണ് അരവിന്ദിന്റെ സഹോദരൻ.
വിചാരണ അടുത്ത ജൂലൈയിലേക്കാണ് ഡേറ്റ് ചെയ്തിരിക്കുന്നതെങ്കിലും അതിനിടെ അന്വേഷണ പുരോഗതിയനുസരിച്ച് പൊലീസ് ഡിഫൻസ് സ്റ്റേറ്റ്മെന്റ് കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായ ഉടനെ ക്രോയിഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ഇതിനിടെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഗ്രീനിച്ച് ആശുപത്രിയിൽനിന്നും ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയ അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി നോർത്താംപ്റ്റണിലുള്ള അരവിന്ദിന്റെ സഹോദരനോട് ഇന്നു രാവിലെ ലണ്ടനിലെത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുശേഷം കേസിന്റെ കൂടുതൽ കാര്യങ്ങൾ ചീഫ് ഇൻവെസ്റ്റിഗേറ്റിംങ് ഓഫിസർ കൂടുംബാംഗങ്ങളെ നേരിട്ട് അറിയിക്കും. സൗത്ത്വാർക്ക് ആൻഡ് ലാംബേത്ത് ലോക്കൽ പോലീസിംങ് കമാൻഡർ സേബ് അഡ്ജെൽ അഡോഹാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
തികച്ചും ദു:ഖകരമായ സംഭവമാണിതെന്നും ജീവൻ നഷ്ടമായ യുവാവിന്റെ കുടുംഹത്തിനൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരായ ഉദ്യോഗസ്ഥർ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. സ്ഥലവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ സംഭവസ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ അരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും പ്രായമായ മാതാപിതാക്കൾക്ക് താങ്ങാകാനും യുക്മ ബ്രിട്ടണിലെ മലയാളികളുടെ സഹായം അഭ്യർഥിച്ചു. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ചാരിറ്റി ഫൌണ്ടേഷനാണ് അരവിന്ദിന്റ ബ്രിട്ടനിലുള്ള സഹോദരന്റെ അഭ്യർഥന പ്രകാരം ഫണ്ട് പിരിവിനുള്ള നടപടികൾ ആരംഭിച്ചത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അരവിന്ദിന്റെ കുടുംബത്തെ സഹായിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല